ചെങ്ങണാംകുന്ന് പദ്ധതി; നിര്‍മാണം പാതിവഴിയില്‍

പട്ടാമ്പി: രണ്ട് ജില്ലയിലെ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമാവുമായിരുന്ന ചെങ്ങണാം കുന്ന് റെഗുലേറ്റര്‍ പദ്ധതി അനിശ്ചിതമായി നീളുന്നു. നാട് വരള്‍ച്ചയില്‍പ്പെട്ട് നട്ടംതിരിയുമ്പോഴും ഭാരതപ്പുഴയിലെ വെള്ളം ഓങ്ങല്ലൂരില്‍ തടഞ്ഞു നിര്‍ത്തി വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചിരിക്കുന്നത്.
ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിനെയും തൃശ്ശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ചെങ്ങണാം കുന്നില്‍ 2015 മാര്‍ച്ചിലാണ് അടിക്കല്ലിട്ടത്. പട്ടാമ്പി മുന്‍ എംഎല്‍എ സി പി മുഹമ്മദ് പ്രത്യേക പരിഗണന നല്‍കിയ പദ്ധതി കൂടിയാണിത്. 2016ലാണ് നിര്‍മാണ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്. 2017 ഡിസംബറില്‍  പണിപൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. 32 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെയായിരുന്നു കരുനാഗപ്പള്ളി വലിയത്ത് കണ്‍സസ്ട്രക്്ഷന്‍ കമ്പനി നിര്‍മാണ ചുമതലയേല്‍ക്കുന്നത്. ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റികള്‍, ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത്, തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍, ദേശമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങള്‍ക്കെല്ലാം ശുദ്ധജല വിതരണത്തിനാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താന്‍ പദ്ധതി പൂര്‍ത്തിയായാല്‍ സാധിക്കും. വരള്‍ച്ച രൂക്ഷമായ കഴിഞ്ഞ വര്‍ഷം തന്നെ ചെങ്ങണാംകുന്ന് പദ്ധതി പൂര്‍ത്തിയാക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ നിശ്ചയിച്ച രീതിയില്‍ നിന്നും ചില വ്യത്യാസങ്ങള്‍ നിര്‍മാണത്തില്‍ വരുത്തിയതിനാല്‍ അതിനാവശ്യമായ തുകകൂടി കണ്ടെത്തേണ്ടത് കൊണ്ടാണ്  പ്രവൃത്തി നിശ്ചിത സമയത്തിനുള്ളില്‍ തിരാത്തതെന്നാണ് അധികൃതരുടെ ന്യായീകരണം.

RELATED STORIES

Share it
Top