ചെങ്കോട്ട പിടിച്ചെടുത്ത് ബിജെപി;കാലിടറി സിപിഎം, ഒരു സീറ്റുപോലും നേടാനാവാതെ കോണ്‍ഗ്രസ്

അഗര്‍ത്തല:  25 വര്‍ഷം നീണ്ട ഇടതുഭരണത്തില്‍ നിന്ന് ത്രിപുര പിടിച്ചെടുത്ത് ബിജെപി. 2013 ല്‍ 49 സീറ്റുകളോടെ അധികാരത്തിലെത്തിയ ഇടതുപക്ഷമാണ് ഇത്തവണ ഇത്തരത്തിലുള്ളൊരു ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. നിലവിലെ ഫല സൂചനകളനുസരിച്ച് 41 സീറ്റില്‍ ബിജെപി മുന്നേറുകയാണ്. വെറും 18 സീറ്റില്‍ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. ഒരു സീറ്റില്‍ പോലും ലീഡുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.ത്രിപുരയില്‍ ബിജെപി അധികാരം  പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എക്‌സിറ്റ്‌പോളുകളെ ശരിവക്കുന്നതാണ് ഇന്ന് പുറത്തുവരുന്ന ഫലങ്ങള്‍.  ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐപിഎഫ്ടി ബിജെപിക്കൊപ്പം ചേര്‍ന്നതും സിപിഎമ്മിന് തിരിച്ചടിയായി. സിപിഎമ്മിനു മാത്രമല്ല,കോണ്‍ഗ്രസിനും ഫലം കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ തവണ പത്തു സീറ്റുമായി  പ്രതിപക്ഷത്തുണ്ടായിരുന്ന കോണ്‍ഗ്രസിന് പക്ഷേ ഇത്തവണ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല.
ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. നാഗാലാന്റിലും ബിജെപി എന്‍ഡിപിപി സഖ്യം 31 സീറ്റില്‍ മുന്നേറുകയാണ്. എന്‍പിഎഫ് 27 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. എന്നാല്‍ ഇവിടെ ആര്‍ക്കും കേവലഭൂരിപക്ഷത്തോട് അടുക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് 23 സീറ്റിലും എന്‍പിപി 15 സീറ്റും ബിജെപി നാല് സീറ്റിലും ലീഡ് ചെയ്യുകയാണ്.നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. നാഗാലാന്റ് എക്‌സിറ്റ് പോള്‍ ശരിവയ്ക്കുന്നുണ്ടെങ്കിലും മേഘാലയ മറ്റൊരു ലക്ഷണമാണ് കാണിക്കുന്നത്.

RELATED STORIES

Share it
Top