ചെങ്കോട്ടയ്ക്കു മേല്‍ കരിനിഴല്‍

ഇന്ത്യയുടെ അഭിമാനസ്തംഭവും മുഗള്‍ കാലഘട്ടത്തിലെ സുപ്രധാന ചരിത്ര സ്മാരകങ്ങളില്‍ ഒന്നുമായ ചെങ്കോട്ട അഞ്ചു വര്‍ഷത്തേക്ക് ഡാല്‍മിയ ഭാരത് ഗ്രൂപ്പിനു പാട്ടത്തിനു നല്‍കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം ആശങ്കയുളവാക്കുന്നതാണ്. 25 കോടി രൂപയ്ക്കാണത്രേ സ്വകാര്യ കമ്പനിയായ ഡാല്‍മിയ ചെങ്കോട്ടയുടെ പരിപാലനച്ചുമതല സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചരിത്ര സ്മാരകങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി പ്രകാരമാണ് ഈ നടപടി എന്നാണ് സര്‍ക്കാര്‍ വിശദീകരണം.
രാജ്യത്തെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് അതിരൂക്ഷമായാണ് പ്രതികരിച്ചത്. പാര്‍ലമെന്റോ സുപ്രിംകോടതിയോ ഇനിയേതാണ് പാട്ടത്തിനു നല്‍കാനിരിക്കുന്നതെന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഇത് ഇന്ത്യയുടെ കറുത്ത ദിനമാണെന്നാണ് പ്രതികരിച്ചത്. ചരിത്ര സ്മാരകങ്ങള്‍ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തിനു കടകവിരുദ്ധമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും അതിനാല്‍ തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രപ്രതാപത്തിന്റെയും പ്രൗഢമായ ചിഹ്നങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. സ്വാതന്ത്ര്യദിനം പോലുള്ള വിശേഷദിനങ്ങളില്‍ നമ്മുടെ ദേശീയ പതാക  ഉയര്‍ന്നു പാറുന്ന രാജ്യത്തിന്റെ വിജയപീഠമാണത്. അതിന്മേലുള്ള അധീശത്വം രാജ്യത്തിനു മേലുള്ള അധികാരത്തെ പ്രതീകവല്‍ക്കരിക്കുന്നു. ഇത്തരമൊരു അധികാരചിഹ്നത്തില്‍ കൈവയ്ക്കാന്‍ ഒരു സ്വകാര്യ കുത്തകക്കമ്പനിക്ക് അവസരം ലഭിക്കുന്നതില്‍ ഒട്ടധികം ദുസ്സൂചനകള്‍ അടങ്ങിയിട്ടുണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. വിശിഷ്യാ, സാമ്പത്തിക കുത്തകകളുമായി അവിഹിത ചങ്ങാത്തം പുലര്‍ത്തുന്ന പുതിയൊരു രാഷ്ട്രീയ-സാമ്പത്തിക കൂട്ടായ്മ രാജ്യത്തിന്റെ അധികാര സമവാക്യങ്ങളെ നിര്‍ണയിച്ചുതുടങ്ങിയ ഘട്ടത്തില്‍ ഇത്തരം നീക്കങ്ങള്‍ നിസ്സാരമായി കാണാനാവില്ല.
ചരിത്രത്തെ ചരിത്രമായി കാണാനോ അതിനെ രാജ്യത്തിന്റെ പൊതുപൈതൃകമായി ആശ്ലേഷിക്കാനോ തയ്യാറല്ലാത്ത ഒരു പ്രത്യയശാസ്ത്ര പരിസരത്തില്‍ നിന്നുള്ളവരാണ് അധികാരം കൈയാളുന്നത്. ഭരണകക്ഷിയുടെ വംശീയതയില്‍ ഊന്നിയ രാഷ്ട്രീയത്തെ അതിന്റെ മുഴുവന്‍ അളവിലും ആഴത്തിലും അറിഞ്ഞു പിന്തുണയ്ക്കുന്നതില്‍ മൂലധന ശക്തികള്‍ക്ക് അശേഷം വിമ്മിട്ടമുണ്ടായിട്ടുമില്ല. കുത്തകകളുടെ സാമ്പത്തിക താല്‍പര്യങ്ങളും ഭരിക്കുന്നവരുടെ വംശീയ താല്‍പര്യങ്ങളും പരസ്പരധാരണയോടെ മുന്നോട്ടുപോകുന്ന ഒരു അധികാരവ്യവസ്ഥയില്‍ നിര്‍വഹിക്കപ്പെടുന്ന ചരിത്രസ്മാരക പരിപാലനം ഏതു വിധമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭൂതകാലത്തിന്റെ പേരില്‍ വര്‍ത്തമാനത്തോടും ഭാവിയോടും കലഹിക്കുന്നവരുടെ കൈയില്‍ ചരിത്രം നിസ്സഹായയായ ഒരു ഇരയായേക്കുമെന്ന ആശങ്ക സ്വാഭാവികവും ന്യായവുമാണ്.

RELATED STORIES

Share it
Top