ചെങ്കല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു

കണ്ണൂര്‍: തൊഴിലുടമ-തൊഴിലാളി-ഇടനിലക്കാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ജില്ലയിലെ ചെങ്കല്‍ വിപണന മേഖല പൂര്‍ണമായും സ്തംഭിച്ചു. ചെങ്കല്ലിന് വില കൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിലവര്‍ധന അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് തൊഴിലാളികളും ലോറിക്കാരും സമരത്തിലിറങ്ങിയതോടെ ജില്ലയിലെ പ്രധാന ചെങ്കല്‍ മേഖലകളില്‍ കല്ലുകൊത്ത് നിലച്ചിരിക്കുകയാണ്.
പണകളില്‍ 20.50 ആയിരുന്ന ഒരു ചെങ്കല്ലിന്റെ വില 23 രൂപയായും 16 രൂപയുണ്ടായിരുന്ന രണ്ടാംതരം കല്ലിന് 19 രൂപയായും ചട്ടക്കല്ല് ലോഡിന് 500 രൂപ വരെയുമാണ് വില വര്‍ധിപ്പിച്ചത്. ഇതുപ്രകാരം കല്ല് വിതരണം ചെയ്യാനാവില്ലെന്നാണ് ലോറിക്കാരുടെ വാദം. ഇടനിലക്കാരായ ഏജന്റുമാര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് വന്‍തുക നല്‍കി ചെങ്കല്ല് വാങ്ങേണ്ടിവരും. നേരത്തെ കണ്ണൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ഏജന്റുമാര്‍ വഴി 34 രൂപയ്ക്കാണ് ഒന്നാംതരം കല്ല് വിതരണം ചെയ്തിരുന്നത്. പുതുക്കിയ വിലപ്രകാരം 40 രൂപ വരെ നല്‍കേണ്ടി വരും.
അതേസമയം, നാമമാത്ര വിലവര്‍ധന മറയാക്കി ചിലര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ചെങ്കല്‍ വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് ചെങ്കല്‍വിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയത്. ചെങ്കല്ലുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികള്‍ക്കും നേരത്തെ വില കൂടിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലിയും ഇന്ധനച്ചെലവും വാഹന വാടകയും ഇതില്‍പ്പെടും.
ഇക്കാര്യം മറച്ചുവച്ച് ചെങ്കല്ലിന്് വന്‍തോതില്‍ വിലകൂട്ടിയെന്നാണ് ഇടനിലക്കാരുടെ പ്രചാരണം. ഇത് തൊഴിലാളി സംഘടനകളും ഏറ്റെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ക്വാറിയില്‍ നേരിട്ടെത്തി കല്ല് വാങ്ങാന്‍ പോലും ഉപഭോക്താക്കളെ ഇവര്‍ അനുവദിക്കുന്നില്ല. വാഹനങ്ങള്‍ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇടനിലക്കാരുടെ ചൂഷണം തടഞ്ഞില്ലെങ്കില്‍ മേഖല കടുത്ത പ്രതിസന്ധിയിലാവുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ കെ മണികണ്ഠനും പി തമ്പാനും അറിയിച്ചു.
എന്നാല്‍, വ്യവസായികളുടെ വാദം തെറ്റാണെന്ന് ചെങ്കല്‍ തൊഴിലാളി യൂനിയന്‍ (സിഐടിയു) ഭാരവാഹി മണിയമ്പാറ കുഞ്ഞമ്പു പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി തൊഴിലാളികള്‍ക്ക് കൂലി കൂട്ടിയിരുന്നില്ല. ഈമാസം 12ന് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് 1,000 കല്ലിന് 905 രൂപയുടെ വര്‍ധന വരുത്തിയത്. ഇതാണ് ചെങ്കല്ലിന്റെ വില വര്‍ധിപ്പിക്കാന്‍ വ്യവസായികളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top