ചെങ്കല്‍ഖനനം: നിയമം നടപ്പാക്കാന്‍ അധികൃതര്‍ക്കു മടി

തലശ്ശേരി: ജില്ലയില്‍ പലയിടത്തും ചെങ്കല്‍ ഖനനം നിര്‍ബാധം തുടരവെ കേരള മുനിസിപ്പല്‍ ആക്റ്റ് യഥാവിധം പ്രയോഗിക്കാതെ തദ്ദേശഭരണ സെക്രട്ടറിമാര്‍. കനത്ത കാലവര്‍ഷക്കെടുതിക്കാണ് മലയോര മേഖല സാക്ഷിയായത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായതല്ലാതെ ഖനനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല.
മുനിസിപ്പല്‍ ആക്റ്റ് 414 വകുപ്പ് പ്രകാരം തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാല്‍, നിയമം കാര്യക്ഷമമായി പ്രയോഗിക്കാതെ ഖനനത്തിനുള്ള അഴിമതി ജിയോളജി വകുപ്പില്‍നിന്ന് കരാറുകാര്‍ നേടുകയാണു പതിവ്. ഇതിനാല്‍ അനധികൃത ഖനനം തടയാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
മുനിസിപ്പല്‍ ആക്റ്റ് പ്രകാരം ഖനനത്തിനുള്ള ആദ്യാനുമതി തേടേണ്ടത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരോടാണ്. പ്രദേശത്ത് ഖനനം മൂലം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ബോധ്യപ്പെടുന്ന പക്ഷം അനുമതി നല്‍കേണ്ടതില്ലെന്ന് ആക്റ്റില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാരെ വരുതിയിലാക്കിയും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചുമാണ് പലരും അനുമതി തരപ്പെടുത്തുന്നത്. ഇതിനായി രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിക്കുന്നവരും നിരവധി.
ജില്ലയിലെ ചില മലയോര മേഖലയില്‍ ഖനനത്തിനായി കണ്ടെത്തിയ രണ്ടേക്കര്‍ ഭൂമി ആറുമാസത്തേക്കുള്ള പാട്ടത്തിന് മാത്രമായി 50 ലക്ഷം രൂപ വരെ കരാറുകാര്‍ നല്‍കിയിട്ടുണ്ട്. കേവലം 24 സെന്റില്‍ ചെങ്കല്‍ ഖനനം നടത്തുന്നതിന് ജിയോളജി വകുപ്പില്‍നിന്ന് അനുമതി നേടിയ ശേഷം രണ്ടേക്കറില്‍ ഖനനം നടത്തി വെള്ളക്കെട്ടുകള്‍ സൃഷ്ടിച്ചതിന് ഉദാഹരണങ്ങള്‍ നിരവധി.
ജില്ലയില്‍നിന്ന് ദിനേന 20 ലക്ഷത്തോളം കല്ലുകളാണ് വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുന്നത്. സര്‍ക്കാരിന്റെ പക്കല്‍ ഇതുസംബന്ധിച്ച യാതൊരു കണക്കുമില്ല.

RELATED STORIES

Share it
Top