ചെക് ഡാമുകള്‍ക്ക് ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷവും വരള്‍ച്ച കനക്കുമെന്നു സൂചന. നിലവിലുള്ള ചെക്ഡാമുകള്‍ പോലും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കടമാന്‍തോട്ടില്‍ തന്നെ ഒമ്പതു തടയണകള്‍ ഷട്ടറുകള്‍ ഇല്ലാത്തതു കൊണ്ടുമാത്രം പ്രവര്‍ത്തനരഹിതമാണ്.
മുദ്ദള്ളി തോട്, കന്നാരംപുഴ, കടമാന്‍തോട്, മണിപ്പുഴ എന്നിവയാണ് പ്രദേശത്തെ പ്രധാന നീര്‍ച്ചാലുകള്‍. ഇവിടങ്ങളില്‍ നിലവിലുള്ള തടയണകള്‍ക്കു ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പരിഗണിച്ചില്ല. ഓരോ വരള്‍ച്ചാ കാലത്തും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടുള്ളവയാണ് ഈ തടയണകള്‍. 2013-14 വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നിര്‍മിച്ചതാണ് കടമാന്‍തോട്ടിലുള്ള കണ്ടുകാപ്പ് തടയണ.
ഇതില്‍ നിന്നുള്ള വെള്ളം സമീപപ്രദേശത്തെ പുഞ്ചകൃഷിക്ക് ഉപയോഗിച്ചിരുന്നു. 2013 മുതല്‍ തടയണയ്ക്ക് ഷട്ടറില്ല. സാമ്പത്തിക നഷ്ടവും കൃഷിനാശവും കുടിവെള്ളക്ഷാമവുമാണ് ചെറിയ വീഴ്ചകൊണ്ട് സംഭവിക്കുന്നത്. ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം ചെക്ഡാമുകള്‍ പരിപാലിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്ത സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയിലായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.
എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പദ്ധതി ഇതുവരെയും തുടങ്ങിയിട്ടില്ല. തലക്കുളങ്ങളും ചെക്ഡാമുകളും വൃക്ഷവല്‍ക്കരണവും കാവ് സംരക്ഷണവും കടലാസില്‍ മാത്രമൊതുങ്ങി.
കടമാന്‍തോട്ടിലും മുദ്ദള്ളി തോട്ടിലും കന്നാരംപുഴയിലും മണിപ്പുഴയിലും ദശാംശം മൂന്നു ടിഎംസി ജലം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടുകള്‍ വേണം.
കടമാന്‍തോട്ടില്‍ കണ്ടുകാപ്പ്, ആനപ്പാറ, പാളക്കൊല്ലി എന്നീ സ്ഥലങ്ങള്‍ ഇതിന് അനുയോജ്യമാണ്. ഇത്തരം ജലസംഭരണികള്‍ ഈ പ്രദേശത്തിന്റെ ജലക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമാവും. പുല്‍പ്പള്ളി മേഖലാ പ്രസിഡന്റ് വി എസ് ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം എം ടോമി റിപോര്‍ട്ട് അവതരിപ്പിച്ചു. എ സി ഉണ്ണികൃഷ്ണന്‍, എന്‍ സത്യാനന്ദന്‍, പി സി മാത്യു, സി ജി ജയപ്രകാശ്, എ യു ജോര്‍ജ്, സി എം ജോസഫ് സംസാരിച്ചു.

RELATED STORIES

Share it
Top