ചെക് ഡാം അപ്രോച്ച് റോഡ് നിര്‍മാണം: നടപടികള്‍ പാതിവഴിയില്‍

കാഞ്ഞങ്ങാട്: പുലിക്കടവ് ചെക്ക് ഡാം അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള നടപടികള്‍ പാതിവഴിയില്‍. ജില്ലാപഞ്ചായത്തിന്റെ 23 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം നടത്താനായി മൂന്ന് മാസം മുമ്പ് ഫണ്ട് പാസാക്കിയ പുലിക്കടവ് ചെക്ക് ഡാം അപ്രോച്ച് റോഡിന്റെ പണിയാണ് ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാതെ പാതിവഴിയിലായിരിക്കുന്നത്. പുഴയുടെ  ഇരുഭാഗത്തും ഉള്ള റോഡുകള്‍ ബന്ധിപ്പിച്ച് ചെക്ക് ഡാം നിര്‍മിച്ചപ്പോള്‍ റോഡിനായി മണ്ണിട്ട് നികത്തിയിരുന്നു. അങ്ങനെ നികത്തിയ സ്ഥലം തന്റേതാണെന്നും ഇതിലൂടെ റോഡ് നിര്‍മിക്കാന്‍ പാടില്ല എന്നും കാണിച്ച് സ്വകാര്യ വ്യക്തി ജില്ലാ പഞ്ചായത്തിനും റവന്യു മന്ത്രിക്കും പരാതി നല്‍കിയതിനാലാണ് ഈ റോഡിന്റെ ടെന്‍ഡര്‍ നടക്കാത്തത് എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഈ റോഡ് പോകുന്നത് പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥലത്തു കൂടിയാണെന്നും ഇതിന്റെ പേരില്‍ കിട്ടിയ പരാതിയുടെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കനോ ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി പരിഹാരം കാണുവാനോ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അധികൃതര്‍ മൗനം പാലിക്കുന്നത് സ്വകാര്യ വ്യക്തിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പനത്തടിയില്‍ നിന്നും തച്ചര്‍കടവ് വഴി മാനടുക്കം ബന്തടുക്ക റോഡിലെത്തുന്ന ഈ റോഡ് നന്നായാല്‍ തിമ്മംചാല്‍, പണക്കയം, കൂപ്പ്, മാനടുക്കം, പുല്ലിക്കടവ് എന്നീ അഞ്ച് ഗ്രാമങ്ങളിലെ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നത്. നിലവില്‍ ഇവിടങ്ങളിലെ കുട്ടികള്‍ ബന്തടുക്ക വഴി ചുറ്റി തിരിഞ്ഞ് വേണം പനത്തടിയിലും ഈ ഭാഗങ്ങളിലെ മറ്റു സ്‌കൂളിലും എത്തിച്ചേരുവാന്‍. നാട്ടുകാരുടെ ആവശ്യം സര്‍ക്കാര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി റോഡ് പണി എത്രയും ആരംഭിക്കണമെന്നാണ്. മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെയും ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതില്‍ നാട്ടുകാര് പ്രതിഷേധത്തിലാണ്്. റോഡ് നന്നാക്കാനുള്ള നടപടി എത്രയും വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനിരിക്കുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top