ചൂണ്ടല്‍ ജങ്ഷന്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് മാസം പിന്നിട്ടിട്ടും പരിഹരിക്കാതെ അധികൃതര്‍

കുന്നംകുളം: തൃശൂര്‍-കുന്നംകുളം പാതയില്‍ ചൂണ്ടല്‍ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ നടപടി കൈകൊള്ളാതെ അധികൃതര്‍. ഒരു മാസം മുന്‍പാണ് ചൂണ്ടല്‍ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം സ്വകാര്യ ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്.
തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് സിഗ്‌നല്‍ സംവിധാനത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ഇടിച്ച് തെറിപ്പിച്ചത്. സിഗ്‌നല്‍ തകരാറിലായാതോടെ ഇവിടെ അപകടങ്ങളും നിത്യസംഭവമായി മാറി. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ സിഗ്‌നല്‍ സംവിധാനം ചെറുവാഹന യാത്രികര്‍ക്ക് ഒരാശ്വാസമായിരുന്നു. സംവിധാനം തകരാറിലായതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. സിഗ്‌നല്‍ ഇടിച്ച് തെറിപ്പിച്ച സംഭവത്തെകുറിച്ചും അപകടങ്ങള്‍ പതിവാകുന്നതിനെകുറിച്ചും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ബന്ധപ്പെട്ട അധികാരികളെ അറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസം ഒന്ന് പിന്നിട്ടിട്ടും യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. സ്വകാര്യ ബസ്സിടിച്ച് സിഗ്‌നല്‍ സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചൂണ്ടല്‍ പഞ്ചായത്ത് സെക്രട്ടറി പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ ബസ്സുടമകളില്‍ നിന്ന് പണം വാങ്ങി സിഗ്‌നലിന്റെ തകരാര്‍ പരിഹരിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തമാകുകയും സിഗ്‌നല്‍ സംവിധാനം തകരാറിലായതും ഇവിടെ ഇനിയും അപകടങ്ങള്‍ നടക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top