ചുഴലിക്കാറ്റില്‍ തില്ലങ്കേരി പള്ള്യം മേഖലയില്‍ വന്‍ നാശനഷ്ടം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം,  കാര്‍ക്കോട്, തലച്ചങ്ങാട് മേഖലകളില്‍ കഴിഞ്ഞദിവസമുണ്ടായ ചുഴലികാറ്റില്‍ വ്യാപകനാശനഷ്ടം. എട്ടു വീടുകള്‍ തകര്‍ന്നു. നിരവധി പേരുടെ കൃഷി നശിച്ചു. ഇന്നലെ നാലോടെ വിശിയടിച്ച കാറ്റിലാണ് നാശനഷ്ടമുണ്ടായത്. തില്ലങ്കേരി പള്ള്യത്തെ തോട്ടം കുളങ്ങരക്കണ്ടി പി പി നൗഫലിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ നശിച്ചു.
വീട്ടുകാര്‍ അയല്‍പക്കത്തു പോയ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. മേരിക്കുട്ടി ജോസഫിന്റെ വീട് മരം വീണ് തകര്‍ന്നു. നിരവധി വീട്ടുപകരണങ്ങള്‍ നശിച്ചു. ഉളിയത്ത് വീട്ടില്‍ മഹിളാമണിയുടെ വീട്് ഒരു ഭാഗം മരം വീണ്  തകര്‍ന്നു. എം കെ മുരളീധരന്‍, വിപഞ്ചിക ഹൗസില്‍ കെ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടിന്റെ മുകള്‍ ഭാഗത്തെ സിങ്ക് ഷീറ്റ് കാറ്റില്‍ പാറിപോയി. തലച്ചങ്ങാട്ടെ എം ബാബു, കെ വി പ്രഭാകരന്‍, എ രാജേഷ് എന്നിവരുടെ വീടിന്റെ മേല്‍കൂരയുടെ ഒരു ഭാഗവും കാറ്റില്‍ പാറിപോയി. പള്ള്യത്തെ എം കെ ഖദീജയുടെ മുപ്പതോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ തകര്‍ന്നു. പള്ള്യം, കാര്‍ക്കോട്, തലച്ചങ്ങാട് പ്രദേശങ്ങളില്‍ നിരവധി പേരുടെ റബ്ബര്‍, കശുമാവ്, മറ്റു മരങ്ങള്‍ നശിച്ചിട്ടുണ്ട്. മേഖലയില്‍ മരം പൊട്ടി വീണ് വൈദ്യുതി ബന്ധവും താറുമാറായി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

RELATED STORIES

Share it
Top