ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കന്യാകുമാരിക്കു തെക്ക് ശ്രീലങ്കയ്ക്കു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഏറിയതോടെ സംസ്ഥാനം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം തീരത്തിന് 390 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദം നില്‍ക്കുന്നുവെന്നാണ് ഇന്നലെ ഉച്ചയോടെ ഇറക്കിയ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി (ഡീപ്പ് ഡിപ്രഷന്‍) മാറും. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്ററിനു മുകളിലും തിരമാലകള്‍ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തിലുമാവും.
കേരളതീരത്തു നിന്ന് ആരും മല്‍സ്യബന്ധനത്തിനു പോവാന്‍ പാടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് വ്യാഴാഴ്ച വരെ പ്രാബല്യത്തിലുണ്ടാവും. തെക്കന്‍ കേരളത്തില്‍ രണ്ടു ദിവസം ശക്തമായ മഴയുണ്ടാവും. വടക്കന്‍ കേരളത്തിലും സാമാന്യം മഴ ലഭിക്കും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പരീക്ഷകള്‍ നടക്കുന്ന ഹാളുകള്‍ ഒഴികെ സ്‌കൂളുകളിലെ മറ്റു ക്ലാസ്മുറികള്‍ ഇതിനായി ഉപയോഗിക്കാം. എല്ലാ തുറമുഖങ്ങളിലും സിഗ്‌നല്‍ നമ്പര്‍ മൂന്ന് (അപകട മുന്നറിയിപ്പ്) ഉയര്‍ത്തണം. കെഎസ്ഇബി കാര്യാലയങ്ങള്‍ അടിയന്തരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കണം. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ നാളെ വരെ നിരന്തരം പ്രവര്‍ത്തിപ്പിക്കണം. അടിയന്തര സാഹചര്യം പരിഗണിച്ച് എറണാകുളത്തും തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
പുറംകടലില്‍ പോയ മല്‍സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ആറു കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. കോഴിക്കോട്ടു നിന്നു കടലില്‍ പോയ ബോട്ടുകളെല്ലാം തിരികെയെത്തി. ബേപ്പൂര്‍-ലക്ഷദ്വീപ് കപ്പല്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊച്ചി, വൈപ്പിന്‍, മുനമ്പം ഹാര്‍ബറുകളില്‍ നിന്നു പോയ 400ഓളം ബോട്ടുകളില്‍ അമ്പതോളം ബോട്ടുകള്‍ മടങ്ങിയെത്തി. ടൂറിസം കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ സഞ്ചാരികളെയും കച്ചവടക്കാരെയും പോലിസ് താല്‍ക്കാലികമായി ഒഴിപ്പിച്ചു. അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ പോലിസ് സജ്ജമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. ചുഴലിക്കാറ്റിനു തൊട്ടുമുമ്പുള്ള ഘട്ടമാണ് തീവ്ര ന്യൂനമര്‍ദം. ഇതിന്റെ ഫലമായി കന്യാകുമാരിയിലും ലക്ഷദ്വീപിലും തീരത്ത് ചുഴലിസമാനമായ കാറ്റ് വീശും. മഴയും ലഭിക്കും.
ലോ പ്രഷര്‍, ഡിപ്രഷന്‍, ഡീപ്പ് ഡിപ്രഷന്‍, സൈക്ലോണ്‍, സിവിയര്‍ സൈക്ലോണ്‍, വെരി സിവിയര്‍ സൈക്ലോണ്‍, സൂപ്പര്‍ സൈക്ലോണ്‍ എന്നിങ്ങനെ ഏഴു ഘട്ടങ്ങളാണ് ചുഴലിക്കാറ്റിനുള്ളത്. ഇപ്പോഴത്തെ ന്യൂനമര്‍ദം മൂന്നാംഘട്ടം വരെയെത്താന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

RELATED STORIES

Share it
Top