ചുരം മേഖലയില്‍ കനത്ത കാറ്റ് ; വ്യാപക നാശനഷ്ടംതാമരശ്ശേരി: വയനാടന്‍ ചുരം മേഖലയില്‍ കനത്ത കാറ്റും മഴയിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ മേഖലയിലെ ചിപ്പിലിതോട്, നൂറാം തോട്, ചുരം രണ്ടാം വളവ്,മുപ്പതേക്ര, അടിവാരം പ്രദേശങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. ചിപ്പിലിത്തോട് പത്രാട് ബാബുവിന്റെ റബര്‍ മരങ്ങള്‍, എടയാടി കുന്നുമ്മല്‍ കോമുക്കുട്ടിയുടെ റബര്‍, കമുക്, വാഴ, ആര്‍ടിസി എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ എന്നിവയാണ് വ്യാപകമായി നശിച്ചത്. കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണതിനാല്‍ പ്രദേശത്ത വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. അടിവാരം ശംശുദ്ദീന്റെ റബര്‍ മരങ്ങള്‍, വാഴ, കമുക് ,പി കെ ഉസ്മാന്റെ കമുക്, പ്ലാവ്, രാജന്റെ റബര്‍ തൈകള്‍ എന്നിവയും കാറ്റില്‍ നിലംപൊത്തി. ചുരത്തില്‍ മരങ്ങള്‍ മുറിഞ്ഞു വീണെങ്കിലും ഗതാഗത തടസ്സം ഒഴിവായി. മലയോരത്തും കനത്ത കാറ്റില്‍ കൃഷി നാശം ഉണ്ടായി. കച്ചവടസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു പോയി. നാലുമണിക്ക് തുടങ്ങിയ കാറ്റും മഴയും രാവിലെ ഒമ്പത് മണിവരെ നീണ്ടുനിന്നു.കുറ്റിയാടി: കനത്ത കാറ്റിലും മഴയിലും നരിപ്പറ്റ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. കൃഷി നശിക്കുകയും മൂന്നു വീടുകള്‍ തകരുകയും ചെയ്തു. അരീക്കര മിത്തല്‍ ബാബുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. കുറ്റിയില്‍ കേളപ്പന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണു. പാറക്കെട്ടില്‍ അശോകന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണു. കൈവേലിയില്‍ ടൗണിലെ മലഞ്ചരക്കുകടകളില്‍ വെള്ളം കയറി നശനഷ്ടം സംഭവിച്ചു.

RELATED STORIES

Share it
Top