ചുരം ബദല്‍ റോഡ്; സാധ്യത തെളിയുന്നു

താമരശ്ശേരി: വയനാടന്‍ ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരമായി ബദല്‍ റോഡ് സാധ്യത തെളിയുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചുരത്തിലെത്തി സാധ്യത വിലയിരുത്തി. രാവിലെ എട്ടരയോടെ കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍, തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് ,കോഴിക്കോട് ഡിഎഫ്ഒ സുനില്‍ കുമാര്‍,ദേശീയ പാത അധികൃതര്‍, റവന്യു ഉദ്യോഗസ്ഥര്‍, കോടഞ്ചേരി,വൈത്തിരി,പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗം വിഡി ജോസഫ് തുടങ്ങിയ ജന പ്രതിനിധികളും കലക്ടറോടൊപ്പം എത്തിയിരുന്നു.ചുരം 29-ാം മൈലില്‍ നിന്നാരംഭിച്ചു കലമാന്‍ പാറ വരെയുള്ള ഒന്നര കിലോ മീറ്റര്‍ ദൂരം ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ചിപ്പിലിത്തോട് - തുഷാര ഗിരി സംസ്ഥാന വിനോദ സഞ്ചാര ഹൈവേയിലെ റോഡ് ഉപയോഗിക്കാന്‍ സാധിക്കും.ഇവിടെ നിന്നും മൂന്നര കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കുന്നതോട വനം വകുപ്പ് അതിര്‍ത്തിവരെയുള്ള 50 കുടുംബങ്ങളുടെ സ്ഥലങ്ങള്‍ റോഡിനായി വിട്ടുകൊടുത്തു. ഇതിന്റെ രേഖ കലക്ടര്‍ക്ക് കൈമാറി.ബദല്‍ റോഡിനുള്ള മുന്‍ അലയ്‌മെന്റില്‍ നിന്നും മാറ്റിയ പാതയാണ് ഇപ്പോള്‍ കണ്ടെത്തിയത്.ഈ പാത വരുന്നതോടെ വളവും കയറ്റവും കുറയുന്നതോടൊപ്പം വയനാട്ടിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. നിര്‍ദിഷ്ട പാത രണ്ട് കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയും നാട്ടുകാരിലും അധികൃതരിലും നില നില്‍ക്കുന്നു. ഈ റോഡിനായി പ്രദേശവാസികള്‍ ഇപ്പോള്‍ കണ്ടെത്തിയ റോഡ് വനാതിര്‍ഥി വരെ സര്‍വ്വേ നടത്തിയിരുന്നു. ഇത് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.കലക്ടറുടെ അധ്യക്ഷതയില്‍ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം കലക്ടറേറ്റില്‍ ഏപ്രില്‍ ആദ്യവാരം നടക്കും.സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാനുമാണ് തീരുമാനം.ഇതിനു പുറമെ കലമാന്‍ പാറയില്‍ നിന്നും തുഷാര ഗിരിയിലേക്ക് ടക്കിങ്ങിനുള്ള സ്ഥലവും പ്രദേശ വാസികള്‍ വിട്ടു നല്‍കി.

RELATED STORIES

Share it
Top