ചുരം ബദല്‍ റോഡിന് സാധ്യത തെളിയുന്നു

താമരശ്ശേരി: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി ബദല്‍റോഡ് സാധ്യത തെളിയുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചുരത്തിലെത്തി സാധ്യത വിലയിരുത്തി. രാവിലെ എട്ടരയോടെ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍, തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ്, കോഴിക്കോട് ഡിഎഫ്ഒ സുനില്‍കുമാര്‍, ദേശീയപാതാ അധികൃതര്‍, റവന്യു ഉദ്യോഗസ്ഥര്‍, കോടഞ്ചേരി, വൈത്തിരി, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ് തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
വനം അതിര്‍ത്തി വരെയുള്ള 50 കുടുംബങ്ങള്‍ റോഡിനായി സ്ഥലം വിട്ടുകൊടുത്തു. ഇതിന്റെ രേഖ കലക്ടര്‍ക്ക് കൈമാറി. ബദല്‍ റോഡിനുള്ള മുന്‍ അലൈന്‍മെന്റില്‍ നിന്നു മാറ്റിയ പാതയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ പാത വരുന്നതോടെ വളവും കയറ്റവും കുറയുന്നതോടൊപ്പം വയനാട്ടിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. നിര്‍ദിഷ്ട പാത രണ്ടു കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. ഈ റോഡിനായി പ്രദേശവാസികള്‍ ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് വനാതിര്‍ത്തി വരെ സര്‍വേ നടത്തിയിരുന്നു. ഇതു ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കലക്ടറുടെ അധ്യക്ഷതയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ ഏപ്രില്‍ ആദ്യവാരം നടക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാനാണ് തീരുമാനം.

RELATED STORIES

Share it
Top