ചുരം അറ്റകുറ്റപ്പണി തകൃതിയില്‍

താമരശ്ശേരി: വയനാടന്‍ ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ തകൃതി. ഒന്ന് രണ്ട്  വളവുകളിലാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അനുമതി ഇല്ലാത്തത് യാത്ര സുഖകരമാക്കുന്നു. പത്തു ദിവസത്തിനുള്ളില്‍ പണിപൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കരാറുകാര്‍ പറഞ്ഞു.
79 ലക്ഷം രൂപ യുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. കരാറുകാരെ കിട്ടാത്തത് അറ്റകുറ്റപ്പണിക്ക് താമസം നേരിട്ടതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കരാറുകാര്‍ വളവുകളിലെ തകര്‍ച്ചയാണ് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നത്. ചുരത്തിലെ തകര്‍ച്ചമൂലം നിത്യവും ഗതാഗത തടസ്സം മണിക്കൂറുകളോളം നീണ്ടതോടെ വിവിധ രാഷ്ട്രീയ പ്പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നു. ഇതോടെ  ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും അടിയന്തര പ്രാധാന്യത്തോടെ ഇടപെടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള അറ്റകുറ്റപ്പണികള്‍.
മുമ്പ് ചുരം റോഡ് ടാറിങ് എടുത്ത കരാറുകാര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ റോഡ് തകര്‍ന്നാല്‍ അത് അറ്റകുറ്റപ്പണി നടത്തമെന്ന ചട്ടമുണ്ടായിട്ടും അത് നടത്താത്തത് ഉദ്യോഗസ്ഥരും ഭരണക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാരോപണവും ഉയര്‍ന്നിട്ടുണ്. പഴയ കരാറുകാര്‍ തീര്‍ക്കേണ്ട പണി പുതിയ കരാറുകാര്‍ക്ക് വന്‍ സംഖ്യ ചെലവാക്കി നല്‍കേണ്ടിവന്നത് ഏറെ ചര്‍ച്ചയാവുന്നു. ഇതിനിടയില്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം തേടി മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി നാളെ അനിശ്ചിത കാല സത്യഗ്രഹം തുടങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 10നു അടിവാരത്ത് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top