ചുമട്ട് തൊഴിലാളികളും വ്യാപാരസ്ഥാപന ഉടമയും തമ്മില്‍ സംഘര്‍ഷം

പൊന്നാനി: കയറ്റിറക്ക് കൂലിയെച്ചൊല്ലി വ്യാപാര സ്ഥാപന ഉടമയും, ചുമട്ട് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. വ്യാപാര സ്ഥാപന ഉടമകളെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാവിലെ പത്തരയോടെ പൊന്നാനി കുണ്ടുകടവ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് മുന്‍വശത്തെ ന്യൂ പൊന്നാനി ട്രേഡേഴ്‌സിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ സ്ഥാപന ഉടമകളായ ധനേഷ് കുമാര്‍, ഫിറോസ് എന്നിവര്‍ക്കും, സ്ഥാപനത്തിലെ ജീവനക്കാരനായ അബൂബക്കറിനും മര്‍ദനമേറ്റു. കയറ്റിറക്ക് കൂലിയെച്ചൊല്ലി മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏപ്രില്‍ മുതല്‍ കയറ്റിറക്ക് കൂലി വര്‍ധിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് ചുമട്ട് തൊഴിലാളി യൂണിയന്‍ സ്ഥാപന ഉടമക്ക് നല്‍കിയിരുന്നു. സിമന്റ് ചാക്കൊന്നിന് അഞ്ച് രൂപയില്‍ നിന്നും ആറു രൂപ25 പൈസയായി വര്‍ധിപ്പിച്ചതായി നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ടോര്‍സന്‍ ലോറിയിലെത്തുന്ന സിമന്റ് ചാക്കിന് അഞ്ചില്‍ നിന്ന് എട്ടു രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഒരേ തൂക്കത്തിലുള്ള സിമന്റിന് രണ്ടു തരം വില ഈടാക്കുന്നുണ്ടെന്ന് ആരോപിച്ച് കടയുടമ ചോദ്യം ചെയ്തു. പിന്നീട് പൊന്നാനി അസിസ്റ്റ് ലേബര്‍ ഓഫിസില്‍ വെച്ചും, ജില്ലാ ലേബര്‍ ഓഫിസില്‍ വെച്ചും, നഗരസഭാചെയര്‍മാന്റെ അധ്യക്ഷതയിലും പല തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല.
ഇന്നലെ  രാവിലെ കടയുടമ തന്നെ ഉപഭോക്താവിന് സിമന്റ് എടുത്തു നല്‍കുമ്പോള്‍ തൊഴിലാളികള്‍ എത്തി ഇത് തടയുകയായിരുന്നുവെന്ന് സ്ഥാപനയുടമ പറഞ്ഞു. എന്നാല്‍ 2014 നു ശേഷം 2017ല്‍ വെറും 25ശതമാനം മാത്രം കൂലി വര്‍ധിപ്പിക്കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാന്‍ സ്ഥാപനയുടമ തയ്യാറായില്ലെന്നും, നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം അംഗീകരിക്കാന്‍ ഉടമ തയ്യാറായില്ലെന്നും യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top