ചുമട്ടുതൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: ചുമട്ടുതൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചുമട്ടുതൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിഹരിക്കപ്പെടേണ്ട ഏതു പ്രശ്നങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് മറ്റെല്ലായിടങ്ങളിലും കൂലി ഏകീകരണം നടപ്പാക്കിക്കഴിഞ്ഞു.
മൂന്നു ജില്ലകളിലും വേഗത്തില്‍ കൂലി ഏകീകരണം നടത്തേണ്ടതുണ്ട്. ആഗസ്ത് 15ന് മുമ്പ് ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോജിച്ച അഭിപ്രായം സ്വരൂപിക്കണം. ഇതില്‍ പരിഹാരമായില്ലെങ്കില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ തുടര്‍നടപടി കൈക്കൊള്ളണം. അവിടെയും ധാരണയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ കൂലി ഏകീകരണം വിജ്ഞാപനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. തൊഴിലാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഭേദഗതി നിര്‍ദേശമുണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇതു സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. സ്‌കീം ഏരിയകളില്‍ അംഗീകൃത തൊഴിലാളികളെ കൊണ്ടു തന്നെ ജോലി ചെയ്യിക്കുന്നതാണ് ഉചിതം. ഇവര്‍ക്ക് ചെയ്യുന്നതിന് അസാധ്യമായ കാര്യങ്ങളില്‍ യന്ത്രവല്‍കൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എതിരല്ല. എന്നാല്‍, അംഗീകൃത തൊഴിലാളികള്‍ നിലവിലുള്ളപ്പോള്‍ സാധ്യമായ കാര്യങ്ങളില്‍ അവരെ ഒഴിവാക്കി മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടമകള്‍ തയ്യാറാവുന്നുവെന്ന പരാതി ഉയരുന്നുണ്ട്. അത്തരം പ്രവണതകളുടെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അനര്‍ഹര്‍ക്ക് തൊഴിലാളികളുടെ രജിസ്ട്രേഷന്‍, കാര്‍ഡ് എന്നിവ ലഭ്യമായിട്ടുണ്ടെന്ന പരാതികളുണ്ട്. ഇതുസംബന്ധിച്ച് പരിശോധന നടത്തുമെന്നു മന്ത്രി ട്രേഡ് യൂനിയനുകളോട് പറഞ്ഞു.
നിലവില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരാണ് അപേക്ഷകള്‍ സ്വീകരിച്ച് കാര്‍ഡ് നല്‍കുന്നത്. ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിച്ച് പരാതിപരിഹരണം നടത്താം.
ഇതിലും ആക്ഷേപമുണ്ടെങ്കില്‍ അപ്പീലിനും നിയമത്തില്‍ അവസരമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ ജോലിക്ക് കൂലി സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചുമട്ടുതൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്റെ ഈ നിലപാടിന് എല്ലാ ട്രേഡ് യൂനിയനുകളും സഹകരണം നല്‍കി. ചിലയിടത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുവെങ്കില്‍ അവിടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പ്രശ്നപരിഹാര ശ്രമങ്ങള്‍ക്ക് സഹായകമാവുന്ന നിലപാട് സ്വീകരിക്കാന്‍ ട്രേഡ് യൂനിയനുകള്‍ തയ്യാറാവണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top