ചുട്ടെരിച്ച റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ഭരണകൂടം ഇടിച്ചു നിരപ്പാക്കി

യാങ്കൂണ്‍: മ്യാന്‍മറിലെ വടക്കന്‍ സംസ്ഥാനമായ റഖൈനില്‍ സൈന്യം അഗ്നിക്കിരയാക്കിയ 55 ഗ്രാമങ്ങള്‍ റോഹിന്‍ഗ്യന്‍ ഭരണകൂടും ഇടിച്ചു നിരപ്പാക്കിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങള്‍ നിരപ്പാക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചതായും സംഘം അറിയിച്ചു. സൈന്യം റോഹിന്‍ഗ്യര്‍ക്കെതിരേ നടത്തിയ ആക്രമണങ്ങളുടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അപലപിച്ചു.
കഴിഞ്ഞ നവംബര്‍ മുതല്‍ മ്യാന്‍മര്‍ ഭരണകൂടം യന്ത്രങ്ങള്‍ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ കെട്ടിടങ്ങളും വനങ്ങളും ഇടിച്ചു നിരപ്പാക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു ലഭിച്ചു. മുമ്പു നടന്ന തീവയ്പില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത രണ്ടു ഗ്രാമങ്ങളും ഇടിച്ചു നിരപ്പാക്കിയവയില്‍ ഉള്‍പ്പെടും.
രോഹിന്‍ഗ്യര്‍ക്കുനേരെ നടന്ന അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാന്‍ യുഎന്‍ വിദഗ്ധസമിതിയെ നിയോഗിച്ച സാഹചര്യത്തില്‍, ഈ ഗ്രമങ്ങളെല്ലാം സൈന്യത്തിന്റെ അതിക്രമങ്ങളുടെ തെളിവുകളായി സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. ഗ്രാമങ്ങള്‍ ഇടിച്ചു നിരപ്പാക്കിയതിലൂടെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും റോഹിന്‍ഗ്യരുടെ നിയമപരമായ അവകാശങ്ങള്‍ക്ക്  തിരിച്ചടിയാവുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആദംസ് അറിയിച്ചു.
റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ബുള്‍ഡോസറുകള്‍ വച്ച് നിരത്തിയ ദൃശ്യങ്ങള്‍ ഒരുമാസം മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു.
വടക്കന്‍ റഖൈനില്‍ നിന്നും മ്യാന്‍മര്‍ സൈന്യത്തിന്റെ വംശീയ ഉന്‍മൂലന നടപടികള്‍ കാരണം ആറുമാസത്തിനിടെ ഏഴു ലക്ഷത്തിലധികം രോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായാണ് യുഎന്‍ കണക്ക്. റോഹിന്‍ഗ്യരെ മടക്കി അയക്കുന്നതിന് ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ ധാരണയിലെത്തുകയും  ആദ്യഘട്ടത്തില്‍ തിരിച്ചയക്കാനുളള 8000ല്‍ അധികം പേരുടെ പട്ടിക ബംഗ്ലാദേശ് മ്യാന്‍മറിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഭൂരിഭാഗം റോഹിന്‍ഗ്യരും മ്യാന്‍മറിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയാണ്.

RELATED STORIES

Share it
Top