ചുങ്കത്തെ മദ്യ വില്‍പന കേന്ദ്രം അടച്ചുപൂട്ടിയതിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി ; കോടതി വിധി അനുകൂലംആലപ്പുഴ: ചുങ്കത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ അനധികൃത ബില്‍ഡിങില്‍ 35 ദിവസമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയ നടപടി ഹൈക്കോടതി ശരിവച്ചു. വില്‍പന ശാല അടച്ചുപൂട്ടിയതിനെതിരേ ബീവറേജ് കോര്‍പറേഷന്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി കോടതി ഉത്തരവായി. 15 ദിവസത്തിന് ശേഷം ലൈസന്‍സ് ലഭിക്കാനായി വീണ്ടും നഗരസഭയെ സമീപിക്കാനും ലൈസന്‍സ് നിഷേധിക്കുന്ന പക്ഷം ട്രൈബ്യൂണലിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ബീവറേജസ് അധികൃതര്‍ ഇനിയും നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ മാത്രമെ ചുങ്കത്തെ ഔട്ട് ലറ്റില്‍ വില്‍പന ആരംഭിക്കാന്‍ കഴിയൂ. അതിന് ആഴ്ചകള്‍ വേണ്ടി വരും. ഇത്രയും ദിവസം അടച്ചിടുന്നതിന് പകരം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് അധികൃതര്‍ മുന്‍ഗണന നല്‍കുമെന്നും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭ അധികൃതര്‍ മദ്യവില്‍പന ശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെയര്‍മാന്റെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടുകയായിരുന്നു. അതേസമയം ഔട്ട്‌ലറ്റ് ഇവിടെ തന്നെ നിലനിര്‍ത്താനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരും ഭരണ കക്ഷി പാര്‍ട്ടിയായ സിപിഎമ്മും താല്‍പര്യം കാണിച്ചത്. എന്നാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ സമരത്തിന് പിന്തുണ കൂടിയതോടെ അനധികൃത സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ മുന്നിട്ടിറങ്ങുകയായിരുന്നു. പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ സമിതി ഭാരവാഹികള്‍ക്കെതിരേ ആലപ്പുഴ സൗത്ത് പോലിസ് കേസെടുത്ത് നടപടികളാരംഭിച്ചു. 35 ദിവസം നീണ്ട സമരത്തില്‍ ജനകീയ സമിതിക്കൊപ്പം നിരവധി പാര്‍ട്ടികളും മദ്യ ശാലയ്‌ക്കെതിരേ സമരവുമായി രംഗത്തുവന്നിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ദേശീയപാതയില്‍നിന്ന് അര കിലോമീറ്റര്‍ ദൂരേക്കു മദ്യവില്‍പന ശാലകളും ബാറുകളും മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായാണു ഇരുമ്പുപാലത്തിനു കിഴക്കു പ്രവര്‍ത്തിച്ചിരുന്ന പ്രീമിയം കൗണ്ടര്‍ ഉള്‍പ്പെടെ ചുങ്കത്തേക്കു മാറ്റിയത്. എന്നാല്‍ ജനവാസ കേന്ദ്രവും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണു മാറ്റിയതെന്ന് ആരോപിച്ചു പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് സമരം നടത്തുകയായിരുന്നു. നഗരസഭയുടെ അനുമതി ലഭിക്കാതെ ഔട്‌ലറ്റ് ആരംഭിച്ച് എന്ന കാരണത്താല്‍ സമരം ശക്തിപ്പെടുകയും ഒടുവില്‍ നഗരസഭ അനധികൃത മദ്യ വില്‍പന കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

RELATED STORIES

Share it
Top