ചുങ്കം റോഡ് നിര്‍മാണ പ്രവൃത്തികള്‍ കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു

എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂര്‍ ചുങ്കം റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ കരാറുകാരന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
പുലിയന്നൂര്‍ മുതല്‍ വേലൂര്‍ ചുങ്കം വരെയുള്ള നാലര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ മുടങ്ങി കിടക്കുന്ന നിര്‍മാണം പുനരാരംഭിക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതി പ്രകാരമാണ് വേലൂര്‍ വെളളാറ്റഞ്ഞൂര്‍ ചുങ്കം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പുതിയ റോഡിനായി പൊളിച്ചു നീക്കിയത് 28 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച യാതൊരു കേടുപാടുമില്ലാത്ത റോഡായിരുന്നു. പുനര്‍നിര്‍മാണം അഴിമതി നടത്തുന്നതിനാണെന്നാണ് നാട്ടുകാരുടെ ആരോപണം. കേന്ദ്ര മേല്‍നോട്ട സമിതിയുടെ പരിശോധനയില്‍ ഗുണനിലവാരം പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാറുകാരന്‍ റോഡിനെ പൂര്‍ണ്ണമായും അവഗണിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മെയ് തുടക്കത്തില്‍ ഉദ്ഘാടനം നടത്തേണ്ടതായി കരാര്‍ വ്യവസ്ഥയുള്ള റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന റോഡ് കൊത്തി പൊളിച്ച് മെറ്റല്‍ വിരിച്ചിട്ടിരിക്കുന്നതിനാല്‍ വാഹന യാത്രയും കാല്‍നട യാത്രയും ദുസഹമാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കാ ന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

RELATED STORIES

Share it
Top