ചീമേനിയിലെ ആയിരം ഏക്കര്‍ പദ്ധതി അനിശ്ചിതത്വത്തില്‍

കാസര്‍കോട്: മടിക്കൈയ്ക്കും കിനാനൂര്‍-കരിന്തളത്തിനും പിന്നാലെ കയ്യൂര്‍-ചീമേനിയിലും സോളാര്‍ പാര്‍ക്ക് പദ്ധതിയെയും എതിര്‍ത്ത് സിപിഎം. ഇക്കുറി സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു ജില്ലാകമ്മിറ്റിയാണ് പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.
500 കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് ചീമേനി എസ്റ്റേറ്റെന്നും പദ്ധതിക്കുവേണ്ടി ഒരുലക്ഷത്തോളം കശുമാവിന്‍തൈകള്‍ മുറിക്കേണ്ടിവരുമെന്നും ഇതുമൂലം പ്ലാന്റേഷന്‍ കോര്‍പറേഷന് ആറുകോടിയിലധികം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നുമാണ് സിഐടിയുവിന്റെ വാദം. ചീമേനിയില്‍ പദ്ധതി അനുവദിക്കില്ലെന്നും ഉപയുക്തമല്ലാത്ത മറ്റു സര്‍ക്കാര്‍ ഭൂമികള്‍ പദ്ധതിക്കായി കണ്ടെത്തണമെന്നും സിഐടിയു നേതൃത്വം പറയുന്നു. മടിക്കൈ, കിനൂര്‍-കരിന്തളം പഞ്ചായത്ത് ഭരണസമിതികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പദ്ധതി മറ്റൊരു സിപിഎം ശക്തികേന്ദ്രമായ കയ്യൂര്‍-ചീമേനി പഞ്ചായത്തിലേയ്ക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലുള്ള ചീമേനി എസ്റ്റേറ്റിലെ ആയിരം ഏക്കര്‍ സ്ഥലത്താണ് 450 മെഗാവാട്ട് വൈദ്യുതോല്‍പാദനം ലക്ഷ്യമിട്ട് പദ്ധതി വിഭാവനം ചെയ്തത്. റവന്യുവകുപ്പില്‍ നിന്നും പാട്ടത്തിനു ഭൂമിയെടുത്ത് കശുവണ്ടി കൃഷി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവുകള്‍ അധികമില്ലാത്ത പാറപ്രദേശമായ ഏഴു ബ്ലോക്കുകള്‍ സോളാര്‍ പാര്‍ക്കിനു നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
കോര്‍പറേഷന്റെ എസ്റ്റേറ്റിലെ മുത്തനപ്പാറ-ഒന്ന്, മുത്തനപ്പാറ-രണ്ട്, അരിയിട്ടുപാറ, നെല്ലൂര്‍-ഒന്ന്, നെല്ലൂര്‍-രണ്ട്, നെല്ലൂര്‍-മൂന്ന് എന്നീ ബ്ലോക്കുകളിലാണ് പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ധാരണയായത്.
ഏഴു ബ്ലോക്കുകളിലും കൂടി 346 ഹെക്ടര്‍ സ്ഥലമാണുള്ളത്. ഇവിടെ 27,583 കശുമാവിന്‍തൈകളാണുള്ളത്. കോര്‍പറേഷന്റെ എസ്റ്റേറ്റുകളില്‍ ഏറ്റവും കുറവ് കശുമാവിന്‍തൈകള്‍ ഉള്ള ബ്ലോക്കുകളാണിത്. കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന് ഇവര്‍ വിലയിരുത്തിയിരുന്നു. പദ്ധതിക്ക് ജീവന്‍വെയ്ക്കുന്നതിനിടെയാണ് എതിര്‍പ്പുമായി സിഐടിയു രംഗത്തെത്തിയിട്ടുള്ളത്.   നേരത്തെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനേത്തുടര്‍ന്നാണ് മടിക്കൈ, കിനൂര്‍-കരിന്തളം പഞ്ചായത്തുകളിലായി 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിട്ട സോളാര്‍ പദ്ധതിയുടെ ഉല്‍പാദനം വെറും 50 മെഗാവാട്ടായി ചുരുങ്ങിയത്.
ഇരു പഞ്ചായത്തുകളിലുമായുള്ള 280 ഏക്കര്‍ ഭൂമിയിലാണ് എതിര്‍പ്പുകാരണം പദ്ധതി മുടങ്ങിയത്.

RELATED STORIES

Share it
Top