ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു. ഇന്നലെ രാവിലെ 11ന് രാഷ്ട്രപതിഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ സുപ്രിംകോടതിയിലെത്തിയ ഗൊഗോയ്, ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിമുറിയിലിരുന്ന് കേസുകള്‍ കേട്ടുതുടങ്ങി. മലയാളിയായ ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരാണ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിലെ അംഗങ്ങള്‍.
ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഒന്നാം നമ്പര്‍ കോടതിയിലെ അംഗങ്ങള്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ചിലേക്കും എ എം ഖാന്‍വില്‍ക്കറെ മൂന്നാം നമ്പര്‍ കോടതിയിലേക്കുമാണ് മാറ്റിയത്. പൊതുതാല്‍പര്യ ഹരജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചോ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചോ ആണ് പരിഗണിക്കുക.
അതേസമയം, കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസ് മുമ്പാകെ സൂചിപ്പിക്കുന്ന ഉന്നയിക്കല്‍ സംവിധാനത്തിന് (മെന്‍ഷന്‍ ചെയ്യല്‍) ചീഫ് ജസ്റ്റിസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാളെ വധശിക്ഷയ്ക്കു വിധിക്കല്‍, വീട്ടില്‍ നിന്ന് ഇറക്കിവിടല്‍ തുടങ്ങിയ അടിയന്തരസ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇനി മെന്‍ഷന്‍ ചെയ്യാന്‍ പാടുള്ളൂവെന്നും ഗൊഗോയ് അറിയിച്ചു.
അടുത്തവര്‍ഷം നവംബര്‍ 17 വരെയാണ് ഗൊഗോയിയുടെ കാലാവധി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് 64കാരനായ ഗൊഗോയ്. അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്.
ജഡ്ജിമാരുടെ നിയമനത്തിന് അധികാരമുള്ള മുതിര്‍ന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തില്‍ ദീപക് മിശ്രയുടെ ഒഴിവിലേക്ക് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എത്തി. ഗൊഗോയി വിരമിക്കുമ്പോള്‍ സാധ്യത ബോബ്‌ഡെക്കാണ്.

RELATED STORIES

Share it
Top