ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ പ്രസക്തഭാഗങ്ങള്‍

ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്,

വളരെയധികം വേദനയോടെയും ആശങ്കയോടെയുമാണ് ഇത്തരമൊരു കത്ത് എഴുതുന്നത്. ബഹു. ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെ ഭരണപരമായ പ്രവര്‍ത്തനത്തെയും നീതിന്യായ വ്യവസ്ഥയുടെ പൊതുവിലെ പ്രവര്‍ത്തനത്തെയും ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്ന ചില ഉത്തരവുകള്‍ ഈ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഉയര്‍ത്തിക്കാട്ടുകയാണ് കത്ത് ലക്ഷ്യമിടുന്നത്.
കല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിച്ച ദിവസം മുതല്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്റെ കാര്യത്തില്‍ പരമ്പരാഗതമായ ചില രീതികളും നടപ്പുകളും സ്ഥാപിതമായിരുന്നു. കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്നാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളില്‍ ഒന്ന്. സമയക്രമവും, കോടതികളുടെ എണ്ണവും ഏതെങ്കിലും ഒരു കേസ് അല്ലെങ്കില്‍ ഒരു വിഭാഗം കേസുകള്‍ ഏത് ബെഞ്ചിന് വിടുമെന്ന നടപടിക്രമങ്ങള്‍  അദ്ദേഹത്തിനുള്ള വിശേഷാധികാരമാണ്. അല്ലാതെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ ചീഫ് ജസ്റ്റിസിന് നിയമപരമോ വസ്തുതാപരമോ ആയ മേധാവിത്വം അംഗീകരിക്കുന്നതിനല്ല. രാജ്യത്തെ നിയമാവലി പ്രകാരം ചീഫ് ജസ്റ്റിസ് തുല്യന്മാരില്‍ ഒന്നാമനാണ്. അതില്‍ കൂടുതലായോ കുറവോ ഒന്നുമില്ല. കോടതി കാര്യങ്ങള്‍ തീരുമാനിക്കുന്നത്തില്‍ ചീഫ് ജസ്റ്റിസിനെ നയിക്കാന്‍ കാലോചിതമായ സമ്പ്രദായങ്ങളുണ്ട്.  ബെഞ്ചിലെ അംഗസംഖ്യ,  പ്രത്യേക കേസ് ഏത് ബെഞ്ച് കൈകാര്യം ചെയ്യണം എന്നിവ. ഒരു വിഷയം സ്വയം അപഹരിച്ച് കൈകാര്യം ചെയ്യാനുള്ള അധികാരം കോടതി ജുഡീഷ്യല്‍ ബോഡിയിലെ ആര്‍ക്കും സാധിക്കില്ലയെന്നതാണ് ഈ തത്വങ്ങള്‍ അര്‍ഥമാക്കുന്നത്.
മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് നിയമങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വ്യതിചലിച്ചാല്‍ അത് നിയമവ്യവസ്ഥയുടെ വിശ്വാസ്യതയില്‍ സംശയം സൃഷ്ടിക്കുന്നതിലേക്ക് നയിക്കും. ഇവ പാലിക്കുന്നതില്‍ അടുത്തിടെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.  ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന കേസുകള്‍ യാതൊരു യുക്തിയുമില്ലാതെ  ചില ബെഞ്ചുകള്‍ക്ക് ചീഫ് ജസ്റ്റിസ് നല്‍കുന്ന സാഹചര്യമുണ്ടായി. ഇത് എന്തുവിലകൊടുത്തും തടയേണ്ടതാണ്. നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാതിരിക്കുന്നത്. ഇത്തരം വ്യതിയാനങ്ങള്‍ നീതിന്യായ വ്യവസ്ഥയെ ഇതിനകം തന്നെ ഒരു പരിധി വരെ തകരാറിലാക്കിയിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാ ബെഞ്ചാണ് കൈകാര്യം ചെയ്യേണ്ടത്.  മറ്റേതെങ്കിലും ബെഞ്ചിന് ഇതില്‍ ഇടപെടാന്‍ കഴിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
ജുലൈ 4 2017ന് എഴു ജഡ്ജിമാര്‍ അടങ്ങുന്ന ഒരു ബെഞ്ച് ജസറ്റിസ് സി എസ് കര്‍ണന്റെ കാര്യത്തില്‍ തീരുമാനമെടുത്തു. ഈ തീരുമാനത്തില്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടപടിക്രമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെറ്റു തിരുത്തലുകള്‍ക്കായി കുറ്റവിചാരണയല്ലാതെ മറ്റൊരു മാര്‍ഗം സജ്ജീകരിക്കേണ്ടതുണ്ടെന്നും ഞങ്ങളില്‍ 2 പേര്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഏഴു ജഡ്ജിമാരില്‍ മെമ്മോറാണ്ടം ഓഫ് പ്രൊസീജിയറുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളൊന്നും ആരും മുന്നോട്ടുവച്ചില്ല.  സംഭവവികാസങ്ങള്‍ വളരെ ഗൗരവമായി വേണം കാണാന്‍. ഈ സാഹചര്യത്തില്‍ തെറ്റു തിരുത്തുകയെന്നതും ശരിയായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയെന്നതും ബഹുമാനപ്പെട്ട ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്തമാണ്. മറ്റു അംഗങ്ങളുമായും, ആവശ്യമുണ്ടെങ്കില്‍ മറ്റു ജഡ്ജിമാരുമായും ചര്‍ച്ചചെയ്ത് വേണം ഇതു തീരുമാനിക്കാന്‍. മുകളില്‍ പരാമര്‍ശിച്ച 27 ഒക്ടോബര്‍ 2017ല്‍ ആര്‍ പി ലോതര്‍ യൂനിയന്‍ ഓഫ് ഉത്തരവ് പ്രകാരം ഉയരുന്ന പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിച്ചു കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ തെറ്റുതിരുത്തേണ്ടതായി ഈ കോടതി പുറപ്പെടുവിച്ചിട്ടുള്ള മറ്റ് ഉത്തരവുകള്‍ ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അത്യാവശ്യമായി വരുകയാണെങ്കില്‍ അത് ചെയ്യുന്നതായിരിക്കും.
വിശ്വാസ്യതയോടെ,

ജെ. ചലമേശ്വര്‍
രഞ്ജന്‍ ഗോഗോയ്
മദന്‍ ബി ലോക്കൂര്‍
കുര്യന്‍ ജോസഫ്

RELATED STORIES

Share it
Top