ചീട്ടുകളിച്ചു ലഭിച്ച പണം യുവാവിനെ ആക്രമിച്ച് തട്ടിയെടുത്ത കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ചാവക്കാട്: അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ചീട്ടുകളിച്ചു ലഭിച്ച 92,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വീടു വളഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ വനിതാ സിപിഒക്ക് മര്‍ദനമേറ്റു. പരിക്കേറ്റ വനിതാ സിപിഒ പി ബി സൗദാമിനി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നേയാണ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, എസ്‌ഐ മാരായ എന്‍ മുഹമ്മദ് റഫീക്ക്, കെ വി മാധവന്‍, വടക്കേകാട് എസ്‌ഐ അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 2017 നവംബര്‍ 30ന് രാത്രി 10.3നാണ് കേസിനാസ്പദമായ സംഭവം. അവിയൂരില്‍ നിന്നും ചീട്ടു കളിച്ച് 92,000 രൂപ ലഭിച്ച അദ്‌നാന്‍ ഷാഫിയില്‍ നിന്നാണ് സംഘം പണം കവര്‍ന്നത്. രണ്ടു പേരുമായി ഷാഫി മദ്യപിക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നു പേര്‍ ആക്രമിച്ച് പണം കവരുകയായിരുന്നു. മദ്യപിക്കാനുണ്ടായിരുന്ന രണ്ടു പേരും കവര്‍ച്ച സംഘത്തിന്റെ സഹായികളായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.
ചീട്ടു കളിച്ച് ലഭിച്ച പണമായിരുന്നതിനാല്‍ കവര്‍ച്ച സംബന്ധിച്ച് പരാതി നല്‍കില്ലെന്നായിരുന്നു പ്രതികള്‍ കരുതിയിരുന്നത്. സംഘത്തിലുള്‍പ്പെട്ട അവിയൂര്‍ വെട്ടഞ്ചേരി സംജാദ്, സുഹൈല്‍  എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ ഷബാബിന്റെ സഹോദരനാണ് സംജാദ്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ശ്രമിച്ച ഷബാബ് ജാമ്യം ലഭിക്കാതായതോടെ ഒളിവിലായിരുന്നു. ഇയാള്‍ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ പോലിസ് സംഘം വീടു വളഞ്ഞ് പ്രതിയെ പിടികൂടിയത്.
എഎസ്‌ഐ അനില്‍ മാത്യു, സ്‌ക്വാഡ് അംഗങ്ങളായ ലോഫിരാജ്, ഗിരീഷന്‍, റഷീദ്, ശ്രീനാഥ്, തോമസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു. വനിത സിപിഒ യെ ആക്രമിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top