ചില സന്ദര്‍ഭങ്ങളില്‍ പേര് പറയുകയാണ് വേണ്ടത്

കഠ്‌വയില്‍ എട്ടു വയസ്സുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ രാജ്യത്തെ നിരവധി മാധ്യമങ്ങള്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതി കേസെടുത്തിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയും ദ ഹിന്ദുവും അടക്കം ഒരു ഡസനിലേറെ മാധ്യമങ്ങള്‍ക്കെതിരേയാണ് കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ബലാല്‍സംഗ കേസുകളില്‍ ഇരയുടെ സാമൂഹികമായ അന്തസ്സ് സംരക്ഷിക്കുകയും ഭാവിജീവിതത്തില്‍ ഉണ്ടാകാനിടയുള്ള കരിനിഴലുകള്‍ ഒഴിവാക്കുകയുമാണ് ഇത്തരമൊരു കര്‍ശന നിയന്ത്രണത്തിലൂടെ സമൂഹം ലക്ഷ്യമിടുന്നത്. ഇതു തീര്‍ത്തും ന്യായയുക്തമായ ഒരു സമീപനമാണ്. ഇരയോടുള്ള അനുഭാവം പ്രകടിപ്പിക്കുക മാത്രമല്ല, സാമൂഹിക ജീവിതത്തില്‍ വീണ്ടും സാര്‍ഥകമായ നിലയില്‍ കഴിഞ്ഞുകൂടുന്നതിനും അതു ബന്ധപ്പെട്ട വ്യക്തികള്‍ക്ക് സൗകര്യം ഒരുക്കുന്നു.
എന്നാല്‍, കഠ്‌വയില്‍ ഉണ്ടായിരിക്കുന്നത് സാധാരണ നിലയിലുള്ള ഒരു ലൈംഗിക പീഡനമല്ല. ദിവസങ്ങളോളം ബലാല്‍സംഗം ചെയ്തു പീഡിപ്പിച്ച ശേഷം ആ കുരുന്നു പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. അവളെ പീഡിപ്പിച്ചതും കൊല ചെയ്തതും ഒരു ഹിന്ദു ക്ഷേത്രത്തില്‍ വച്ചായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥലത്തെ മുസ്‌ലിം കുടുംബങ്ങളെ ആട്ടിയോടിക്കാന്‍ ഭീകരത സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വാസ്തവത്തില്‍ അവള്‍ നരബലിക്ക് ഇരയായൊരു ബാലികയാണ്. സ്വന്തം സമുദായത്തിന്റെ നിസ്സഹായതയുടെ പ്രതീകമാണ് ഈ ബാലിക. അവളുടേത് ചോരക്കൊതിയന്മാരായ ദുര്‍ദേവതകളുടെ പ്രീണനത്തിനുള്ള നരബലിയായിരുന്നു എന്നതിനു തെളിവ് രണ്ടാഴ്ചയായി ജമ്മുവിലെ അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരമാണ്. കോടതിയില്‍ വിചാരണ തടയുകയും അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കുകയുമാണ് ഈ അഭിഭാഷകരും ഹിന്ദുത്വ സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇരകള്‍ക്കു നീതി കിട്ടണമെങ്കില്‍ കടുത്ത സാമൂഹിക സമ്മര്‍ദവും പ്രതിഷേധവും ഉയര്‍ന്നുവരേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇരയുടെ അസ്തിത്വം തന്നെ അപ്രസക്തമാക്കുകയാണെങ്കില്‍ എങ്ങനെയാണ് അവള്‍ക്കു നീതി കിട്ടുക? ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കുട്ടിയാണെന്ന ഒറ്റക്കാരണത്താലാണ് അവള്‍ കൊല ചെയ്യപ്പെട്ടത്. അത്തരം സന്ദര്‍ഭങ്ങളില്‍ അവളുടെ അസ്തിത്വം പൂര്‍ണമായും തമസ്‌കരിക്കപ്പെടുകയാണെങ്കില്‍ നീതി നിഷേധിക്കപ്പെടുക തന്നെയായിരിക്കും ഫലം.
ഇന്ത്യയിലെ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും അടക്കമുള്ള വിഭാഗങ്ങള്‍ നേരിടുന്ന ഗുരുതരമായ ഒരു അസ്തിത്വ പ്രതിസന്ധിയാണിത്. ഭരണകൂടത്തില്‍ അവര്‍ക്കു സ്വാധീനമില്ല. മാധ്യമങ്ങള്‍ അവരെ അകറ്റിനിര്‍ത്തുന്നു. നീതിപീഠങ്ങളില്‍ അവരുടെ സാന്നിധ്യമില്ല. തങ്ങളുടെ സ്വന്തം സമുദായങ്ങളുടെ പിന്തുണ മാത്രമാണ് അവര്‍ക്ക് അന്തിമമായി തുണയാവാറുള്ളത്. എന്നാല്‍, അത്തരം അസ്തിത്വം പോലും തമസ്‌കരിക്കപ്പെടുമ്പോള്‍ നീതി ലഭ്യമാവാനുള്ള അവസാനത്തെ സാധ്യത പോലും തടയപ്പെടുകയാണെന്ന് തിരിച്ചറിയപ്പെടേണ്ടതാണ്.

RELATED STORIES

Share it
Top