ചില രാമായണമാസ രസങ്ങള്‍

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍
കള്ളക്കര്‍ക്കടക മാസത്തില്‍ കമ്മ്യൂണിസ്റ്റുകളെ താറടിക്കാനും വഴിതെറ്റിക്കാനും ചില അസുരന്‍മാര്‍ രംഗപ്രവേശം ചെയ്ത വിവരം വായനക്കാര്‍ അറിഞ്ഞുകാണുമല്ലോ? കര്‍ക്കടക മാസമെന്നാല്‍ രാമായണമാസമാണ്. കുളിച്ച് കുറിതൊട്ട് ചെറുകിണ്ടിയില്‍ വെള്ളം നിറച്ച് തുളസിയിലയുമിട്ട് വരാന്തയില്‍ ശീപോതി(ശ്രീഭഗവതി)ക്ക് വച്ചുകൊടുക്കുക എന്നതായിരുന്നു മുന്‍കാലത്ത് കേരളീയ ഹൈന്ദവരുടെ കര്‍ക്കടകമാസരീതി. അതുകഴിഞ്ഞാല്‍ രാമായണം കൈയിലെടുക്കും. ദലിത് ആദിവാസി അസ്പൃശ്യാദികള്‍ ഇപ്രകാരം ചെയ്തിരുന്നോ എന്നു തിട്ടമില്ല. ഉണ്ടാവാനിടയില്ല. പയ്ക്കുന്നേ... പയ്ക്കുന്നേ... എന്നു പാടിനടക്കുന്നവര്‍ക്ക് രാമനാമം ജപിക്കാന്‍ സമയമെവിടെ? മാത്രമല്ല, അവര്‍ ഹൈന്ദവരാണെന്ന് മറ്റുള്ളവര്‍ പറഞ്ഞ അറിവേ അവര്‍ക്കുള്ളൂ. എന്നാല്‍, ഇപ്പോള്‍ ശീപോതി അത്ര പോപ്പുലറല്ല. ശുദ്ധമായതു കിട്ടാനില്ലാഞ്ഞിട്ടോ എന്തോ തുളസി അവര്‍കളെയും അങ്ങനെയൊന്നും കാണാനില്ല. രാമായണ പാരായണത്തിന് വലിയ കോട്ടം തട്ടിയിട്ടില്ല. നല്ല ഡീലക്‌സില്‍ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിറക്കാന്‍ പ്രസാധകര്‍ തമ്മിലുള്ള കടുത്ത മല്‍സരം കണ്ടാല്‍ സാക്ഷാല്‍ രാമന്‍ തന്നെ നാണിച്ചുപോവും എന്നാണ് വര്‍ത്തമാനകാലത്തെ ആസുരാവസ്ഥ.
പറഞ്ഞുകൊണ്ടുവന്നത് കമ്മ്യൂണിസത്തെക്കുറിച്ചാണല്ലോ! രാമനും കമ്മ്യൂണിസവും തമ്മില്‍ എന്തുബന്ധം എന്നു ചോദിക്കുന്നവരുണ്ട്. ഉണ്ട് ഹേ എന്നാണുത്തരം. രാമനെ സംഘപരിവാരക്കാര്‍ ചൂണ്ടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ ചിന്ന സ്‌ക്രീനില്‍ അവതരിച്ചതോടെയാണ് കാവിക്കു രൂക്ഷത കൈവന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ഇതിന്റെ അപകടം ഒരു അതിതീവ്ര കമ്മ്യൂണിസ്റ്റിനു ബോധ്യമായത്. ഉറക്കത്തില്‍ രാമന്‍ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം തീവ്രനോട് പറഞ്ഞുവെന്നാണ് കേള്‍വി.
രാമന്‍: കര്‍ക്കടകമാസം വരുകയാണല്ലോ! നാട്ടുകാരൊക്കെ ഡിസി ബുക്‌സിന്റെ ഡീലക്‌സ് പതിപ്പ് രാമായണം വാങ്ങുമെന്നു കരുതുന്നു.
കമ്മ്യൂണിസ്റ്റ് തീവ്രന്‍: ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകളാണ്. രാമനിലെന്നല്ല, കൃഷ്ണനിലോ പാമ്പിനെ ധരിക്കുന്ന പരമശിവനില്‍ പോലുമോ ഞങ്ങള്‍ക്കു വിശ്വാസമില്ല.
രാമന്‍: സംഗതിയുടെ കിടപ്പ് നിങ്ങള്‍ക്കു മനസ്സിലാവാഞ്ഞിട്ടാണ്. ഞാനും കമ്മ്യൂണിസ്റ്റാണ്. രാമരാജ്യം എന്നൊന്ന് താങ്കള്‍ കേട്ടുകാണുമെന്നു കരുതുന്നു. കമ്മ്യൂണിസത്തിലേക്കു കൊണ്ടുപോവാന്‍ ഞാന്‍ ശ്രമിച്ച സോഷ്യലിസ്റ്റ് രാജ്യമായിരുന്നു അത്.
കമ്മ്യൂണിസ്റ്റ് തീവ്രന്‍: അതെയോ, ഞാന്‍ അങ്ങയെ തെറ്റിദ്ധരിച്ചു. അടിയന്തരമായി എന്താണ് ഞങ്ങള്‍ സഖാക്കള്‍ ചെയ്യേണ്ടത്?
രാമന്‍: മഴ കണക്കിലെടുക്കാതെ ജില്ലകള്‍ തോറും രാമസെമിനാറുകള്‍ സംഘടിപ്പിക്കുക. സെക്കുലര്‍ രാമനാണ് കേരളീയര്‍ക്കു പറ്റിയ ഉത്തമ മര്യാദരാമന്‍.
കമ്മ്യൂണിസ്റ്റ് തീവ്രന്‍: ജ്ഞാനോദയമുണ്ടാക്കിയതിനു നന്ദി. ലാല്‍സലാം.
അങ്ങനെയാണു കൂട്ടരേ സംസ്‌കൃതസംഘം എന്ന രാമ, സോറി സാംസ്‌കാരിക സംഘടന നിലവില്‍ വന്നത്. സംഘടന പ്രഖ്യാപിച്ചപ്പോഴല്ലേ സംഗതി ചില്ലറയല്ലെന്നു തീവ്രനു ബോധ്യപ്പെട്ടത്. എഴുത്തുകാര്‍, ചരിത്രകാരന്‍മാര്‍, അധ്യാപകര്‍ എന്നിവരൊക്കെ ഇടിച്ചുകയറാന്‍ തുടങ്ങി. രാമായണമാസത്തില്‍ രാമായണ ചിന്ത എന്ന വിഷയത്തിലായിരിക്കും സെമിനാറുകള്‍ അവതരിപ്പിക്കുക. രാമായണ നാടകം, രാമായണ സിനിമ, രാമായണ പൊറാട്ടുകളി എന്നിവ പിറകെ വരും.
സംഘപരിവാരത്തില്‍ നിന്നു രാമനെ രക്ഷിക്കുക മാത്രമല്ല സംസ്‌കൃതസംഘം ലക്ഷ്യമിടുന്നത്. ഒരു രണ്ടാം കേരളീയ നവോത്ഥാനം കൂടി അതിന്റെ ഉന്നമാണ്. സെക്കുലര്‍ രാമന്റെ അനുഗ്രഹംകൊണ്ട് എല്ലാം ഭംഗിയായി കലാശിക്കും.
എന്നിട്ടും നിങ്ങള്‍ പറയുന്നു, ഇതു പാര്‍ട്ടി പരിപാടിയാണെന്ന്്. ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനു പാര്‍ട്ടി എന്തുപിഴച്ചു? പാര്‍ട്ടി ശുദ്ധ സെക്കുലറും കമ്മ്യൂണിസ്റ്റുമാണ്. പാര്‍ട്ടിക്കാരില്‍ ചിലര്‍ സംസ്‌കൃതസംഘത്തില്‍ ഉണ്ടാവാം. സാംസ്‌കാരിക സംഘടനയില്‍, പ്രത്യേകിച്ച് രാമന്റെ അനുഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നില്‍ ചേരുന്നവരെ തടയാന്‍ പാര്‍ട്ടിക്കാവില്ല. ഇക്കാര്യം പൂമൂടല്‍ വിദഗ്ധനായ കോടിയേരി തുറന്നുപറഞ്ഞിട്ടും അരിശം അടങ്ങാത്തവര്‍ സംഘികളല്ലെങ്കില്‍ പിന്നെ ആരാണ്?
സംഗതിയുടെ കിടപ്പ് അവിടെയല്ല. രാമഭക്തര്‍, ഇടതുപക്ഷ രാമായണ ചിന്തയില്‍ ആകൃഷ്ടരായിപ്പോയാല്‍ അയോധ്യയിലെ മ്മളെ രാമക്ഷേത്ര നിര്‍മാണത്തിന് കേരളത്തില്‍ നിന്ന് ആളെ കിട്ടുമോയെന്നു ചില സംഘപരിവാര വിശാരദന്‍മാര്‍ ആശങ്കപ്പെടുന്നുണ്ടത്രേ. അയോധ്യയില്‍ ഒരു സെക്കുലര്‍ രാമക്ഷേത്രം എന്ന ആശയം കമ്മ്യൂണിസ്റ്റ് രാമഭക്തര്‍ മുന്നോട്ടുവച്ചാല്‍ സംഘികളുടെ കഥ കഴിഞ്ഞു. ആ ആശങ്ക, പശുവാദംകൊണ്ടു പരിഹരിക്കാമെന്നു കരുതുന്ന സംഘികളുണ്ടത്രേ. എന്നാല്‍, പശുവിനെയും ഗോക്കളെയും ശ്രീകൃഷ്ണനെയും ഗോപസ്ത്രീകളെയും ഇടതുപക്ഷം റാഞ്ചി 'കൃഷ്ണചിന്ത സെമിനാര്‍' സംഘടിപ്പിച്ചാല്‍ എന്തു സംഭവിക്കും?

RELATED STORIES

Share it
Top