ചില തമിഴക കാഴ്ചകള്‍കറുത്ത കണ്ണടവച്ച് പതിറ്റാണ്ടുകളായി സിനിമാഭ്രാന്തന്‍മാരായ തമിഴന്‍മാരെ അമ്പരപ്പിച്ചുവരുന്ന ഡിഎംകെ എന്ന നിധികാക്കുന്ന കരുണനെ മോദിതമ്പ്രാന്‍ സന്ദര്‍ശിച്ചത് സാമാന്യം ബഡാ വാര്‍ത്തയായിരിക്കുകയാണല്ലോ! ഇതില്‍ ചിലര്‍ അല്‍ക്കുല്‍ത്ത് കാണുന്നുണ്ട്. പളനി-പന്നീര്‍സെല്‍വം ദ്വന്ദ്വത്തെ ഉപേക്ഷിച്ച് കലൈഞ്ജറെ ആര്യബ്രാഹ്മണകക്ഷി വിവാഹം ചെയ്യുമെന്ന അഭ്യൂഹമാണ് വെണ്ടക്കയിലും ബ്രേക്കിങ് ന്യൂസിലും കാച്ചുന്നത്. നോട്ടുനിരോധനത്തിന്റെ മഹത്തായ ഒന്നാംവാര്‍ഷികത്തില്‍ കരിദിന കരിമരുന്നു പ്രയോഗം ഡിഎംകെ ഉപേക്ഷിച്ചതിന്റെ കാര്യവും കാരണവും വ്യാകരണവും അന്വേഷിച്ചുപോവുകയാണ് പണിയൊന്നുമില്ലാത്ത തമിഴ് പരുന്തുകള്‍. മോദിജിക്ക് തമിഴകത്ത് കാര്യമായ പണിയൊന്നുമുണ്ടായിരുന്നില്ല. തന്റെ ആപ്പീസിലെ ഒരു ചങ്ങായിയുടെ മകളുടെ കല്യാണത്തിന് സദ്യയുണ്ണണം. ദിനതന്തി പത്രത്തിന്റെ ആഘോഷത്തില്‍ പങ്കെടുത്ത് 54 ഇഞ്ച് വീതിയില്‍ നാലു കാച്ചുകാച്ചണം. പത്രപ്രവര്‍ത്തകര്‍ എന്തുചെയ്യണമെന്ന് ആ പ്രസംഗം കേട്ടിട്ടെങ്കിലും പഠിച്ച് രാജ്യസ്‌നേഹത്തിന്റെ കുത്തൊഴുക്കുണ്ടാവുന്നത് അത്ര മോശമാണോ!രാമകൃപയാല്‍ രണ്ടും ഭംഗിയായി കലാശിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കരിമ്പൂച്ചകളെ വകഞ്ഞുമാറ്റി ഒരു പരിവാരദൂതന്‍ സ്ലോമോഷനില്‍ പ്രവേശിച്ച് ചെവിയില്‍ മന്ത്രിച്ചത്: ''കലൈഞ്ജര്‍ രോഗബാധിതനായിരിക്കുന്നു. ഒരു സൗഹൃദസന്ദര്‍ശനത്തിനു പറ്റിയ സന്ദര്‍ഭമാണിത്.''''ഏതു കലൈഞ്ജര്‍?'' ''മ്മളെ കരുണാനിധി തന്നെ. പളനി-പന്നീര്‍ ഇരട്ടകളുടെ ഗ്രാഫ് താഴ്ന്നുവരുകയാണ്.''''2ജി സ്‌പെക്ട്രം, അഴിമതി കോണ്‍ഗ്രസ് ബാന്ധവം എന്നിവയൊക്കെ കെട്ടുകഥയാണെന്നാണോ താന്‍ പറഞ്ഞുവരുന്നത്.'' ''രാഷ്ട്രീയമെന്നാല്‍ ഷെര്‍ലക്‌ഹോംസ് കഥകളേക്കാള്‍ നിഗൂഢത നിറഞ്ഞതാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.'' ''ഓന്റെ പാര്‍ട്ടി പുറത്തിറങ്ങിയോ?''''ഇല്ല. റിലീസാവാന്‍ അല്‍പം വൈകുമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ട്ട്.''''എന്നാല്‍, നാം വരുന്നുണ്ടെന്ന് കള്ളക്കണ്ണടവച്ചവരെ അറിയിക്ക്.'' ''റാന്‍, അടിയന്‍ പുറപ്പെട്ടുകഴിഞ്ഞു.''മേല്‍പ്പറഞ്ഞ തിരുമൊഴികളായിരുന്നു തമിഴക ഡിപ്ലോമസിയുടെ തുടക്കമെന്ന് കോരന്‍ എന്ന എല്ലൊടിഞ്ഞ പാവം മാധ്യമപ്രവര്‍ത്തകന്‍ കണ്ടുപിടിച്ചതെന്നു പറഞ്ഞാല്‍ അസാരം വിസ്താരം ആവശ്യമില്ല. പരമരഹസ്യമായി രണ്ടുപേര്‍ മാത്രമറിഞ്ഞ ഈ തിരുമൊഴികള്‍ ദുബയിലെ മരുഭൂമിയില്‍ ലണ്ടനിലേക്കുള്ള വിമാനം കാത്തുനിന്ന സ്റ്റാലിന്‍ എന്ന ഡിഎംകെ ഏകാധിപതി എങ്ങനെ അറിഞ്ഞു? മോദി-കരുണ ഡയലോഗ് നടക്കുമെന്നു മണത്തറിഞ്ഞ ഒരു കറുത്ത ചാരന്‍ മൊബൈല്‍ ദ്വാരം വഴി സ്റ്റാലിനോട് ഇപ്രകാരം പറഞ്ഞു: ''അല്ല ചങ്ങായ്, അന്റെ അച്ഛനെ കാണാന്‍ മോദി ഇപ്പം വരും. പിന്നെ എന്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. രാഷ്ട്രീയം, യുദ്ധം, തന്ത്രം എന്നിവയുടെ അര്‍ഥം പറയാന്‍ മൊബൈലിന് റേഞ്ചുമില്ല.'' ആകെ അമ്പരന്നുപോയ സഖാവ് സ്റ്റാലിന്‍ ഉടന്‍ വിമാനത്തില്‍ ചാടിക്കയറി. സീറ്റ്‌ബെല്‍റ്റ് മുറുക്കുന്നതിനു മുമ്പ് പൈലറ്റിനെ സമീപിച്ചു ചോദിച്ചു:''ഈ വിമാനം എങ്ങോട്ടു പറക്കുന്നു?''''ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക്.''''എന്നാല്‍, തമിഴകത്തെ ഭാവിമുഖ്യമന്ത്രിയായ ഞാനിതാ കല്‍പിക്കുന്നു, വിമാനം ചെന്നൈയിലേക്കു പറക്കട്ടെ. കലൈഞ്ജര്‍ കീ ജയ്.''''അങ്ങനെയാവട്ടെ. അങ്ങയുടെ തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്ന പരമസത്യം മനസ്സിലാക്കിത്തന്നതില്‍ നന്ദി. വിമാനം ഇതാ ചെന്നൈയിലെത്തി.''വസ്തുതാന്വേഷണത്തിന്റെ റിപോര്‍ട്ട് ഇപ്രകാരമാണെങ്കിലും പളനി-പന്നീര്‍ ദ്വന്ദ്വങ്ങള്‍ക്ക് ഒരേസമയം വയറിളകിയെന്ന റിപോര്‍ട്ടും ദിനതന്തി പ്രസിദ്ധീകരിച്ചല്ലോ! അഴിമതി കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്കും വിറയല്‍ ബാധിച്ചിട്ടുണ്ട്. കരുണനെ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു ക്ഷണിക്കാനാണ് മോദി വന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞത് ഒരു ആശ്വാസം. പ്രളയംമൂലമാണ് കരിദിനം ഉപേക്ഷിച്ചതെന്നു പറഞ്ഞത് മറ്റൊരു ആശ്വാസം.ആര്യബ്രാഹ്മണകക്ഷി സംഭവങ്ങളെ ഇപ്രകാരം വിലയിരുത്തിയതായി അന്വേഷണത്തിലൂടെ കോരന്‍ കണ്ടുപിടിച്ചിട്ടുണ്ട്. തമിഴകരാഷ്ട്രീയം പഴയ എംജിആര്‍ സിനിമപോലെ കലങ്ങിമറിയുകയാണ്. പളനി-പന്നീര്‍സെല്‍വം ഇരട്ടകള്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കെട്ടുപോയ തക്കാളിപോലെയായി. സ്റ്റാലിന്‍ എന്ന യുവതുര്‍ക്കി ആയിരം കുതിരശക്തിയോടെ തിരിച്ചുവരുന്നുണ്ട്. കമല്‍ ഹാസന്‍ എന്ന ചിന്ന പയ്യന്റെ ചുറ്റും അല്‍പം ആള്‍പ്രളയമുണ്ട്. രജനികാന്ത് എന്ന തലൈവര്‍ക്ക് മ്മളോട് ചായ്‌വുണ്ട് എന്നൊരു സംശയമുണ്ട്. ടിയാന്‍ ചിന്ന പയ്യന്റെ കീശയില്‍ പോയേക്കുമെന്ന് ധ്വനിയുണ്ട്. അതിനാല്‍, യുവതുര്‍ക്കിയെ മന്ത്രമാരണം വഴി അടുപ്പിക്കണം. ഭാരത് മാതാ കീ ജയ്!ഈ പശ്ചാത്തലത്തിലാണ് യൂറോപ്പ് നെറ്റില്‍ കുട്ടിമാളു ബ്രേക്കിങ് ന്യൂസ് തുറന്നത്. ''നമസ്‌കാരം. ചെന്നൈയില്‍ നിന്ന് കോരന്‍ ചേരുന്നു.'' ''എന്താണ് കോരന്‍ തമിഴകത്തെ രാഷ്ട്രീയ വിശേഷം? പളനി-പന്നീര്‍സെല്‍വങ്ങളുടെ വയറിളക്കത്തിനു ശമനമുണ്ടോ?'' ''ഒന്നും പറയാതിരിക്കുകയാണു ഭേദം. രണ്ടും അത്യാഹിതവിഭാഗത്തിലാണെന്നാണ് റിപോര്‍ട്ട്.'' ''സ്റ്റാലിന്‍ എന്തു പറയുന്നു. ചങ്ങായ് മറുകണ്ടം ചാടുമോ?'' ''ചങ്ങായ് വിനോബാജിയെ അനുകരിക്കുകയാണ്. സമ്പൂര്‍ണ മൗനവ്രതം.''

RELATED STORIES

Share it
Top