ചിറ്റൂര്‍ നഗരസഭാ ചെയര്‍മാന്‍ മാറ്റം; കോണ്‍ഗ്രസ്സില്‍ കലഹം

ചിറ്റൂര്‍: തത്തമംഗലം നഗരസഭയില്‍ മുന്‍ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായ ടി എസ് തിരുവെങ്കിടം 18ന് രാജിവയ്ക്കാനിരിക്കെ പുതിയ ചെയര്‍മാനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം രൂക്ഷമാവുന്നു. നഗരസഭയുടെ വികസന തുടര്‍ച്ചയ്ക്ക് മുന്‍ എംഎല്‍എ കെ അച്യൂതന്റെ സഹോദരന്‍ കെ മധുവിനെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ചിറ്റൂരിലുടനീളം പൊങ്ങിയിട്ടുമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവാണ് ഇതിനു പിന്നിലെന്ന് ചിറ്റൂരിലെ കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. നഗരസഭ ബഡ്ജറ്റിനു ശേഷം രാജി തയാറായിരിക്കുന്ന ടി എസ് തിരുവെങ്കിടത്തിനു ശേഷം കെ മധു ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നതില്‍ മധു തല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെ കൗണ്‍സിലിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ചെയര്‍മാനുമായ കെ ജി ശേഖരനുണ്ണിയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇതിന്റെ ചര്‍ച്ച അണിയറയില്‍ നടക്കുന്നതിനിടയിലാണ് പോസ്റ്ററുകള്‍ സജീവമായത്.
സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.  കെ മധുവിനെ ചെയര്‍മാന്‍ സ്ഥാനത്തു കൊണ്ടുവരുന്നത് ജനകീയ ആവശ്യമാണെന്ന് ഉയര്‍ത്തി കൊണ്ടുവരാനായിരുന്നു പോസ്റ്റര്‍ പതിക്കലിലൂടെയുള്ള  ശ്രമം. കെ മധു ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയാല്‍  നേട്ടം കൊയ്യാമെന്ന് കരുതിയ യൂത്ത് നേതാവാണ് ഇതിനു പിന്നിലെന്നും നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. കോണ്‍ഗ്രസിന് ചിറ്റൂരിലേറ്റ തോല്‍വിക്കുശേഷം പാര്‍ട്ടിയെ  ശക്തിപെടുത്താന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഇത്തരം നീക്കം ഉള്‍പാര്‍ട്ടി രാഷ്ട്രിയത്തിനു വഴിവച്ചു കഴിഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗിയതയ്ക്ക് കളമൊരുക്കിയ  ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.  നഗരസഭാ ഭരണത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുന്നതിനൊപ്പം കരാറു പണികളില്‍ കണ്ണുനട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഈ നീക്കവുമെന്ന് സംശയിക്കുന്നു.
കോണ്‍ഗ്രസിനകത്ത് ഒളിഞ്ഞു കിടന്ന വിഭാഗിയത ഇതോടെ മറനീക്കി പുറത്തു വന്നിട്ടുണ്ട്. 29 അംഗ സംഖ്യയുള്ള നഗരസഭയില്‍ കോണ്‍ഗ്രസിന് അംഗബലം 18 ഉണ്ടെങ്കിലും  ചെയര്‍മാന്റെ രണ്ടര വര്‍ഷത്തെ ഭരണം വികസന മുരടിപ്പിന് വഴിവച്ചതായി സമ്മതിക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍  ഉയര്‍ന്നത് ഇടതുപക്ഷത്തിന് ആയുധവുമായി കഴിഞ്ഞിട്ടുണ്ട്.  പോസ്റ്റര്‍ പതിച്ചത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ തിരുവെങ്കിടം പറഞ്ഞു.

RELATED STORIES

Share it
Top