ചിരിച്ചുകൊണ്ടവര്‍ പരിചയപ്പെടുത്തി; ഞങ്ങള്‍ ആരോഗ്യവാന്‍മാര്‍

ബാങ്കോക്ക്: ചിരിച്ചുക്കൊണ്ടവര്‍ ഓരോരുത്തരായി പരമ്പരാഗത തായ് രീതിയില്‍  പരിചയപ്പെടുത്തി. തങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. തീവ്ര പരിശ്രമത്തിനും പ്രാര്‍ഥനയ്ക്കുമൊടുവില്‍ ഗുഹയില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ തായ് ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചുമാണ് വീഡിയോയില്‍. തായ് നേവിയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഗുഹയില്‍ കുടുങ്ങി ഒമ്പതു ദിവസത്തിനു ശേഷം തിങ്കളാഴ്ചയാണ് രക്ഷാ പ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തിയത്. ചൊവ്വാഴ്ച മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കി. മൂന്നു വീഡിയോ ആണ് സൈന്യം പുറത്തുവിട്ടത്. തണുപ്പില്‍ നിന്നു രക്ഷതേടാനായി കുട്ടികള്‍ ബ്ലാങ്കറ്റുകള്‍ പുതച്ചിട്ടുണ്ട്.
കുട്ടികളുടെ ശരീരത്തിലേറ്റ ചെറിയ പരിക്കുകള്‍ ഡോക്ടര്‍ പരിചരിക്കുന്നതും ഭക്ഷണം എങ്ങനെ എത്തിക്കുമെന്ന് അവര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടികള്‍ക്ക് ഡൈവിങ് മാസ്‌ക് ധരിക്കാനും ശ്വാസമെടുക്കാനും പരിശീലനം നല്‍കിത്തുടങ്ങിയതായും റിപോര്‍ട്ടുണ്ട്. കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഗുഹയില്‍ നിന്നു വെള്ളം പമ്പ് ചെയ്തു മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുള്ള ഭാഗത്തേക്ക് വെള്ളം കയറാതെ സൂക്ഷിക്കാന്‍ കഴിയുമെന്നു സൈനിക വൃത്തങ്ങള്‍ ശുഭാപ്തി പ്രകടിപ്പിച്ചു. കുട്ടികള്‍ക്ക് കുടുംബങ്ങളുമായി സംസാരിക്കാന്‍ ഗുഹയ്ക്കുള്ളിലേക്ക് ഫോണ്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 ആണ്‍കുട്ടികളും പരിശീലകനും താം ലവോങ് നാം നോണ്‍ ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയില്‍ കവാടത്തില്‍ മണ്ണും ചളിയും നിറഞ്ഞതോടെ സംഘം ഗുഹയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.
അതേസമയം, കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. മണ്‍സൂണ്‍ അവസാനിക്കുന്ന ഒക്ടോബറിനു ശേഷമേ ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കൂവെന്നാണ് റിപോര്‍ട്ട്.
രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നിലുള്ളത് രണ്ടു വഴികളാണ്. ഒന്നുകില്‍ ഗുഹയിലുള്ള 13 പേരെയും നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കുക. അതല്ലെങ്കില്‍ ഗുഹയിലെ വെള്ളം താഴുന്നതു വരെ കാത്തിരിക്കുക. എന്നാല്‍ കുട്ടികളെ പുറത്തെത്തിക്കാന്‍  പ്രതിസന്ധികളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top