ചിരട്ടയില്‍ ഫുട്‌ബോള്‍ നിര്‍മിച്ച് ഓട്ടോ ഡ്രൈവര്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ലോകകപ്പിന്റെ ആവേശത്തോടൊപ്പം ചേര്‍ന്ന് ചിരട്ടയില്‍ മനോഹരമായ ഫുട്‌ബോള്‍ നിര്‍മിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ മണപ്പാട്  ബദ്‌റുദ്ദീന്‍. ചിരട്ട ഉപയോഗിച്ച് മുമ്പും വ്യത്യസ്ത ശില്‍പങ്ങള്‍ നിര്‍മിച്ചയാളാണ് 45കാരനായ ഈ ഓട്ടോ ഡ്രൈവര്‍.
മരങ്ങളും കട്ടുറുമ്പും സൈക്കിളും പൂമ്പാറ്റയും കപ്പുമെല്ലാം നേരത്തേ ചിരട്ടയില്‍ നിര്‍മിച്ച ബദ്‌റുദ്ദീന്‍ ഇതാദ്യമായാണ് ഫുട്‌ബോള്‍ നിര്‍മിക്കുന്നത്. 200ലധികം ശില്‍പങ്ങള്‍ നിര്‍മിച്ച ബദ്‌റുദ്ദീന്റെ ചിരട്ടയിലെ ഫുട്‌ബോള്‍ കാണാന്‍ നിരവധി കാഴ്ചക്കാരും എത്തുന്നുണ്ട്. ചുവരെഴുത്തുകാരനായിരുന്ന ഇദ്ദേഹം ജീവിക്കാന്‍ വേണ്ടിയാണ് ഓട്ടോ ഡ്രൈവറായത്. ആറു വര്‍ഷം മുമ്പ് ഒരു കൗതുകത്തിനു ചിരട്ടയില്‍ ശില്‍പങ്ങള്‍ നിര്‍മിച്ചുതുടങ്ങിയതാണ്. ചിരട്ട സൂക്ഷ്മമായി വെട്ടിയെടുത്ത് രാകിമിനുക്കി പശ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്താണ് ഫുട്‌ബോള്‍ നിര്‍മിച്ചത്. കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിടവുകള്‍ ചിരട്ടയുടെ പൊടിയും പശയും ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ച് നികത്തി. ചിരട്ട മുറിച്ചെടുക്കുന്നതാണ് വലിയ പ്രയാസമുള്ള പണിയെന്ന് ബദ്‌റുദ്ദീന്‍ പറയുന്നു. ഏറെ ദിവസത്തെ സൂക്ഷ്മതയോടെയുള്ള നിര്‍മാണത്തിനൊടുവിലാണ് ഫുട്‌ബോള്‍ പൂര്‍ത്തിയായത്.
ചിരട്ട ഫുട്‌ബോള്‍ വാങ്ങാന്‍ പലരും എത്തുന്നുണ്ടെങ്കിലും ആര്‍ക്കും വില്‍ക്കില്ലെന്ന തീരുമാനത്തിലാണ് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ ബദ്‌റുദ്ദീന്‍.

RELATED STORIES

Share it
Top