ചിദംബരത്തെ കുടുക്കി ഇന്ദ്രാണിയുടെ മൊഴി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഈ മാസം 6 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തിയുടെ റിമാന്‍ഡ് കാലാവധി ഇന്നലെ ഉച്ചയോടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിന്റെ തുടര്‍നടപടികള്‍ക്കായി സിബിഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി 6 ദിവസമാണ് അനുവദിച്ചത്.
അതേസമയം, കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ജാമ്യഹരജി ഇന്നലെ പരിഗണിച്ചെങ്കിലും ഈ മാസം 7 വരെ കസ്റ്റഡിയില്‍ വിട്ട തീരുമാനം പിന്‍വലിക്കാന്‍ കോടതി തയ്യാറായില്ല.
കാര്‍ത്തി ചിദംബരത്തിനെതിരായ നടപടി 6 മാസം വൈകിയാണ് സിബിഐ നടപ്പാക്കിയതെന്ന് കാര്‍ത്തിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ആരോപിച്ചു. എന്നാല്‍, നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ സിബിഐ, അറസ്റ്റ് അനിവാര്യമായതിനാലാണ് നടപ്പാക്കിയതെന്ന് കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ കാര്‍ത്തിയെയും പിതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി ഐഎന്‍എക്‌സ് മീഡിയ ഉടമ കൂടിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി പുറത്തുവന്നു.
വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു വേണ്ട അനുമതിക്കായി താനും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചിദംബരത്തെ കണ്ടിരുന്നുവെന്നാണ് ഇന്ദ്രാണിയുടെ മൊഴി. കാര്‍ത്തിയെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി ഏഴു ലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇന്ദ്രാണി മജിസ്‌ട്രേറ്റിനോടും സിബിഐയോടും വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top