ചിത്രലേഖയുടെ വീടുപണി പുനരാരംഭിച്ചു

കണ്ണൂര്‍: ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്കു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കെ അഞ്ചു സെന്റില്‍ വീടുപണി പുനരാരംഭിച്ചു. ഇന്നലെ സണ്‍ഷേഡ് വാര്‍പ്പ് നടത്തി. പ്രവൃത്തി വീക്ഷിക്കാന്‍ സ്ഥലം എംഎല്‍എ കെ എം ഷാജിയുടെ പിഎ അറഫാത്തും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കാട്ടാമ്പള്ളിയിലെത്തി. പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഗ്രീന്‍ വോയ്‌സിന്റെ സഹായത്തോടെയാണു നിര്‍മാണം.
സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചിത്രലേഖ പാര്‍ട്ടിഗ്രാമത്തിലെ ബഹിഷ്‌കരണത്തെ തുടര്‍ന്നാണു പയ്യന്നൂര്‍ എടാട്ടു നിന്ന് ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ എത്തിയത്. ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തെ നിയമപരമായി ചെറുക്കുമെന്നു ചിത്രലേഖ പറഞ്ഞു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നീക്കം തടയുമെന്നു യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top