ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാവുന്നു

ബഷീര്‍  പാമ്പുരുത്തി

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ടെ ദലിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാവുന്നു. ഫ്രാസെര്‍ സ്‌കോട്ട് എന്ന ബ്രിട്ടിഷ് ചലച്ചിത്രകാരനാണ് ചിത്രലേഖയെക്കുറിച്ച് ഹിന്ദിയില്‍ സിനിമ ചെയ്യുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടൊപ്പം ഫ്രാസെര്‍ സ്‌കോട്ടിന്റെ പദ്ധതി പരിചയപ്പെടുത്തി ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ ചിത്രലേഖയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. തന്റെ മികച്ച സിനിമകളിലൊന്നായ ബാന്‍ഡിറ്റ് ക്വീനിനെ ഓര്‍മപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്നും അവരുടെ ജാതീയതയോടുള്ള അതിജീവനവും പോരാട്ടവും പ്രോല്‍സാഹനമാണെന്നും ശേഖര്‍ കപൂര്‍ പറയുന്നു.
ചിത്രലേഖയുടെ സമരത്തെക്കുറിച്ചും അവര്‍ അനുഭവിക്കുന്ന ജാതീയ അതിക്രമങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിത്തന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ രൂപേഷ് കുമാറിനു നന്ദിപറഞ്ഞ ഫ്രാസെര്‍ സ്‌കോട്ട് സിനിമയുടെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടില്ല.
തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിച്ച സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരേ പ്രതികരിച്ചതിനു നാടുകടത്തപ്പെട്ട ചരിത്രമാണ് ചിത്രലേഖയ്ക്കുള്ളത്. പതിറ്റാണ്ടുകള്‍ പിന്നിട്ട പോരാട്ടത്തിനു ദേശീയതലത്തില്‍ തന്നെ പിന്തുണ ലഭിച്ചിരുന്നെങ്കിലും സിപിഎമ്മും തങ്ങളുടെ തൊഴിലാളിസംഘടനയും ഭ്രഷ്്ട് കല്‍പിച്ചതിനാല്‍ ഇന്നും സ്വന്തം വീടുവിട്ട് മാറിത്താമസിക്കുകയാണ് അവര്‍.
2004ല്‍ ഓട്ടോ തൊഴിലാളിയായി നിരത്തിലിറങ്ങിയതു മുതലാണ് ചിത്രലേഖയ്‌ക്കെതിരേ പീഡനം തുടങ്ങിയത്. മെല്ലെമെല്ലെ അത് ജാതിപീഡനത്തിലേക്കും ബഹിഷ്‌കരണത്തിലേക്കും നാടുകടത്തലിലേക്കും പരിണമിച്ചു. വടകര അറക്കിലാട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകനും തിയ്യസമുദായക്കാരനുമായ ശ്രീഷ്‌കാന്തുമായി പ്രണയിച്ച് വിവാഹം ചെയ്ത ശേഷം ജീവിതവൃത്തിക്കായി ഓട്ടോ ഡ്രൈവറായതാണ് യുവതിക്കു ദുരിതങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണം. താഴ്ന്നജാതിയില്‍പ്പെട്ട യുവതി സിപിഎമ്മിനു ശക്തമായ വേരോട്ടമുള്ള കണ്ണൂരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു നടത്തിയ ചെറുത്തുനില്‍പാണ് സിനിമയാവുന്നത്.

RELATED STORIES

Share it
Top