ചിതല്‍ ചരിതം

'വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ' എന്നു കവി പറഞ്ഞത് മനുഷ്യരോടാണെങ്കിലും അത് അക്ഷരംപ്രതി നടപ്പാക്കിയത് ചിതലുകളാണ്. അങ്ങനെ നോക്കിയാല്‍ സാഹിത്യത്തോട് കമ്പം ചിതലുകള്‍ക്കു തന്നെ എന്നു സമ്മതിക്കേണ്ടിവരും. ചിതലുകള്‍ക്ക് ഗ്രന്ഥങ്ങളോടും ഗ്രന്ഥാലയങ്ങളോടും മാത്രമല്ല പ്രണയം. എന്തും ശാപ്പിടാന്‍ കുറഞ്ഞ സമയം മതി അവയ്ക്ക്. പക്ഷേ, ചിതലുകള്‍ മഹാശല്യക്കാരായ പ്രാണികള്‍ മാത്രമായി തള്ളപ്പെടാവുന്നവയല്ല. അവയുടെ എന്‍ജിനീയറിങ് വൈഭവം അത്യദ്ഭുതകരമാണെന്ന് ഉയര്‍ന്നുനില്‍ക്കുന്ന ചിതല്‍പ്പുറ്റുകള്‍ കണ്ടാലറിയാം. അംബരചുംബികള്‍ എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഈ മണ്‍കൂനകളാണ്. അവയ്ക്കകത്തെ ഗതാഗതസംവിധാനങ്ങളും വിഭവസംഭരണികളും ഒക്കെ പഠനവിധേയമാക്കുന്ന ആരും ചിതലുകളുടെ വാസ്തുശില്‍പചാരുതയെ നമിച്ചുപോവും.
ഗവേഷകര്‍ പറയുന്നത് അവയുടെ സംഘാടനശേഷിയും സാമൂഹികജീവിതവും സവിശേഷ പഠനം അര്‍ഹിക്കുന്നുവെന്നാണ്. ജൈവ ഇന്ധനത്തിന്റെ ഭാവിസാധ്യതകള്‍ കുടികൊള്ളുന്നത് ചിതലിന്റെ ജഠരത്തിലാണെന്ന് ചിലര്‍ പറയുന്നു. പരിസ്ഥിതിശാസ്ത്രജ്ഞര്‍ പറയുന്നത് ഭൂമിയെ ഉര്‍വരമാക്കാനുള്ള ചിതലിന്റെ ശേഷിയെപ്പറ്റിയാണ്.
എന്നാല്‍, തേനീച്ചകള്‍ക്കും ഉറുമ്പുകള്‍ക്കും ഒക്കെ കിട്ടുന്ന സാമൂഹിക അംഗീകാരം ഒരിക്കലും ചിതലുകള്‍ക്കു ലഭിക്കുന്നുമില്ല. ഏതായാലും അവയുടെ കഥ പറയാന്‍ ലിസാ മാര്‍ഗനല്ലി എന്ന എഴുത്തുകാരി തയ്യാറായിട്ടുണ്ട്. 'അണ്ടര്‍ബഗ്' എന്ന അവരുടെ പുസ്തകം ചിതലുകളുടെ മഹാചരിതമാണ്.

RELATED STORIES

Share it
Top