ചിങ്കക്കല്ല് കോളനിയിലെ വീട് നിര്‍മാണം മുടങ്ങി

കാളികാവ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആദിവാസികള്‍ക്ക് അനുവദിച്ചു കിട്ടിയ വീട് വനം വകുപ്പിന്റെ കടുംപിടിത്തം മൂലം മുടങ്ങി. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലെ അഞ്ച് ആദിവാസി കുടുംബങ്ങളാണ് പെരുവഴിയിലായത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ തറപ്പണി ഒരു വര്‍ഷം മുമ്പ് കഴിഞ്ഞതാണ്.
അന്നും വീടിനാവശ്യമായ കല്ല് കൊണ്ടുപോവുന്നത് വനം വകുപ്പ് എതിര്‍ത്തിരുന്നു. പിന്നീട് നബാഡിന്റെ സഹായത്തോടെ കോളനിയിലേയ്ക്ക് പൊതുറോഡ് നിര്‍മിച്ചതിനു ശേഷമാണ് തറപ്പണി നടത്തിയത്. എന്നാലിപ്പോള്‍ അതേ തറയില്‍ ചുമര് പണിയുന്നതിനെതിരേയാണ് വനം വകുപ്പ് രംഗത്തു വന്നിരിക്കുന്നത്. തറകെട്ടിയ സ്ഥലം വനഭൂമിയാണെന്നാണ് പറയുന്നത്. അതേസമയം, കോളനിയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് വീട് നിര്‍മിക്കുന്നതിന് തടസ്സമില്ലെന്നും ഡിഎഫ്ഒ പറയുന്നു. കോളനി റോഡിന്റെ മറുവശത്ത് നിര്‍മാണം നടത്താന്‍ പറ്റില്ലെന്നാണ് വാദം. കോളനിയിലെ ഗീത, കുറുമ്പി, കുട്ടന്‍, മണികണ്ഠന്‍, സരോജിനി എന്നിവരുടെ വീടുനിര്‍മാണമാണ് മുടങ്ങിയത്.
വീട് നിര്‍മാണത്തിനുള്ള കരാറും നല്‍കിയിട്ടുണ്ട്. എന്നാല്‍, തറപ്പണി കഴിയുന്നതുവരെ വനം വകുപ്പിന്റെ എതിര്‍പ്പൊന്നും ഉണ്ടായില്ലെന്ന് ആദിവാസികള്‍ പറയുന്നു. തോരാത്ത മഴയത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ ടെന്റില്‍ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പേടിച്ചാണ് കുടുംബങ്ങള്‍ കഴിയുന്നത്. ഈ കുടുംബങ്ങളോട് കൊടും ക്രൂരതയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വനം വകുപ്പിന്റെ നടപടിക്കെതിരേ ആദിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനഭൂമിയില്‍ അതിക്രമിച്ചു കടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞതായി ആദിവാസി ഗീത പറഞ്ഞു.
കനത്ത കാറ്റും മഴയും നിമിത്തം ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ രണ്ടാഴ്ച ആദിവാസികള്‍ പട്ടിണിലായിരുന്നു. റേഷനരി വൈകിയെത്തിയതാണ് കാരണം. പതിനഞ്ചോളം കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. ഇതില്‍ തന്നെ പലര്‍ക്കും വീടും അനുവദിച്ചിട്ടില്ല. അതേസമയം, ഇപ്പോള്‍ ആദിവാസികള്‍ തറകെട്ടിയ സ്ഥലം വനം വകുപ്പിന്റേതാണെന്നും ഇവിടെ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top