ചിക്കിംഗ് 1000 ഒൗട്ട് ലറ്റുകള്‍ കൂടി തുറക്കും

ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ഏറ്റവും വലിയ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ 5 വര്‍ഷം കൊണ്ട് 100ലേറെ സ്‌റ്റോറുകള്‍ ആരംഭിയ്ക്കും. ദുബൈയിലെ ഗ്രാന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചത്.ചിക്കിംഗ് ബ്രാന്‍ഡിന് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വലിയ വികസന സാധ്യതയാണുള്ളത്. 2018 മാര്‍ച്ച് മാസത്തില്‍ നെതര്‍ലന്റിലെ ആദ്യഘട്ട ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സൗദി അറേബ്യ, ഓസ്‌ട്രേലിയ, മൊറോക്കോ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും യുഎഇയിലെയും ഫ്രാഞ്ചൈസി കരാറുകളും ഇതൊടൊപ്പം ഒപ്പുവെച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഓസ്‌ട്രേലിയ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. മൊറോക്കോയില്‍ ഏപ്രിലില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും. 2025 ആകുമ്പോഴേക്കും ലോകത്തെമ്പാടുമായി ചുരുങ്ങിയത് 70 രാജ്യങ്ങളിലായി 1000 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് ചിക്കിംഗ് മാനേജിംഗ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ പറഞ്ഞു. ചിക്കിംഗ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി, ചിക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍സാബ് മന്‍സൂര്‍, ബിഎഫ്‌ഐ മാനേജ്‌മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍.പിള്ള, ചിക്കിംഗ് കോര്‍പ്പറേറ്റ് ലീഗല്‍ അഡ്‌വൈസര്‍ റിച്ചാര്‍ഡ് ഇമ്രാന്‍ ഡിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലേഷ്യയിലെ ഇഎ ക്വാണ്ടം എസ്ഡിഎന്‍ ബിഎച്ച്ഡിയുമായി കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവച്ചിരുന്നു. 10 രാജ്യങ്ങളില്‍ 5 വര്‍ഷത്തിനുള്ളില്‍ 500 ഔട്ട്‌ലെറ്റുകള്‍ തുറക്കാനായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായി മലേഷ്യയില്‍ മാത്രം ഇതുവരെ 13 ഔട്ടലെറ്റുകള്‍ തുറന്നു. ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഈ ഫ്രാഞ്ചൈസി കരാറിന്റെ ഭാഗമായി ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, തായ്‌വാന്‍, മ്യാന്‍മാര്‍ കംബോഡിയ എന്നീ രാജ്യങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതിന് പുറമെ മൗറീഷ്യസ്, ബോസ്‌നിയ, കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിക്കിംഗ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറുകള്‍ 2018 ആദ്യ പകുതിയോടെ ഒപ്പുവെക്കും.

RELATED STORIES

Share it
Top