ചികില്‍സാ, സുരക്ഷാ നടപടി ഏകോപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നാളെ ആദരം; മുഖ്യമന്ത്രി പങ്കെടുക്കും

കോഴിക്കോട്: നിപാ വൈറസ് ബാധ ചികില്‍സയും സുരക്ഷാ നടപടികളും ഏകോപിപ്പിക്കാ ന്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നു. നാളെ വൈകീട്ട് ആറിന് ടാഗോര്‍ഹാളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 275 പേരെയാണ് ചടങ്ങില്‍ ആദരിക്കുക. നിപാ ബാധയുടെ വിവിരം അറിഞ്ഞതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രംഗത്തെത്തിയ മന്ത്രിമാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ആദരിക്കുന്നതില്‍പെടും.
മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍ സംബന്ധിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ബാബു പറശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ചടങ്ങിനെത്തും. വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ ഉബീഷ്, അജന്യ തുടങ്ങിയവരും സംബന്ധിക്കും. എന്‍സിഡിസി ടീമിലെ ഡോ. ഷൗക്കത്തലി, മരിച്ചവരുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഡോ. ഗോപകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ് എന്നിവര്‍ ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ആദരിക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വെസ്റ്റ്ഹില്‍ ശ്മശാനത്തിലെ ജീവനക്കാരന്‍ അജിത് കുമാര്‍, ശിവപാദം ഐവര്‍മഠത്തിലെ ജീവനക്കാര്‍ തുടങ്ങിയവരെയെല്ലാം ആദരിക്കും. വെസ്റ്റ്ഹില്‍ അതിഥിമന്ദിരത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് 12 ടീമുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരെയും ആദരിക്കും. നിപാ വൈറസ് ബാധ നാടിനെ വിറപ്പിച്ച ദുരന്തമായിരുന്നെങ്കിലും പെട്ടെന്ന് തന്നെ രോഗത്തെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞത് വലിയ വിജയമായിരുന്നെന്ന് മേയര്‍ പറഞ്ഞു. ആദരിക്കുന്നവരുടെ പട്ടികയില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കൂട്ടിചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top