ചികില്‍സാ റിക്കാര്‍ഡ്: റിപോര്‍ട്ട് നല്‍കണമെന്ന്

കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവര്‍ക്ക് ചികില്‍സ സംബന്ധിച്ച റിക്കാര്‍ഡുകള്‍ നല്‍കാത്തതിനെക്കുറിച്ച് അനേ്വഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.
റിപോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ചികില്‍സ തേടുന്നവര്‍ക്കു ചികില്‍സ സംബന്ധിച്ച എല്ലാ രേഖകളും നല്‍കാറുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇത്തരമൊരു കീഴ്‌വഴക്കമില്ല. അതേ ആശുപത്രിയില്‍ തന്നെ തുടര്‍ ചികില്‍സ തേടുന്നതിന് വേണ്ടിയാണു രേഖകള്‍ നല്‍കാത്തതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി കെ രാജു നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒരിക്കല്‍ ചികില്‍സിച്ച സ്ഥലത്ത് നിന്നും ഒരാള്‍ മറ്റൊരിടത്തു ചെല്ലുമ്പോള്‍ രോഗം വന്നാല്‍ നേരത്തെ നടത്തിയ ചികില്‍സകളുടെ വിവരങ്ങള്‍ അറിയാതെ യഥാര്‍ഥ രോഗത്തിനുള്ള ചികില്‍സ നിഷേധിക്കപ്പെടുമെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ക്കു മേല്‍ സര്‍ക്കാരിനു നിയന്ത്രണമുണ്ടെന്നും ആശുപത്രി വിടുമ്പോള്‍ ചികില്‍സാ രേഖകള്‍ നിര്‍ബന്ധമായി നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
ഡോ. ഇര്‍മ മക്ലൗറിന്‍ കേരളവര്‍മ കോളജില്‍
തൃശൂര്‍: ബ്ലാക്ക് ഫെമിനിസ്റ്റ് എഴുത്തുകാരിയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ. ഇര്‍മ മക്ലൗറിന്‍ നാളെ മുതല്‍ ആഗസ്ത് മൂന്നു വരെ ശ്രീകേരളവര്‍മ കോളജില്‍. കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യ എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്റെ ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് കോളജില്‍ എത്തുന്നത്. നരവംശ ശാസ്ത്രജ്ഞ കൂടിയായ ഇര്‍മയുടെ വര്‍ണ വിവേചനങ്ങള്‍ക്കും ലിംഗ അനീതികള്‍ക്കുമെതിരേയുള്ള പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. കോളജിലെ പിഎസ്എന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലകള്‍ ദിവസവും രാവിലെ 10ന് ആരംഭിക്കും. ജൂലൈ 30ന് 21ാം നൂറ്റാണ്ടില്‍ സ്ത്രീകേന്ദ്രീകൃത വിജ്ഞാനത്തിന്റെ ആവശ്യമെന്ത് എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം നടക്കും. ആഗസ്ത് ഒന്നിന് നടക്കുന്ന ശില്‍പശാലയില്‍ പി ജി വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. രണ്ടിന് എഴുത്ത് എന്ന പൊതുഇടത്തിന്റെ പ്രഖ്യാപനം: ജീവിതത്തിനും അതിജീവനത്തിനും എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ അധ്യാപകര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ്.   28ന് വൈകീട്ട് മൂന്നിന് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രാന്തവല്‍കൃതരുടെ ശബ്ദം എന്ന സംവാദത്തില്‍ ഇര്‍മ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രജിസ്‌ട്രേഷന് 9496334372, 9446414110, 9744673204 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

RELATED STORIES

Share it
Top