ചികില്‍സാ നിഷേധം: സര്‍ക്കാര്‍ രണ്ടര ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗിയെ നാലര മണിക്കൂര്‍ വീല്‍ചെയറില്‍ ഇരുത്തിയ ശേഷം പറഞ്ഞുവിട്ടതിനെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികില്‍ സ യ്ക്കായി ചെലവായ രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ഉത്തരവ് നല്‍കിയത്. കുളത്തൂപ്പുഴ ചോഴിയക്കോട് അനിത മന്ദിരത്തില്‍ അനിതക്ക് രണ്ടര ലക്ഷം നല്‍കാനാണ് ഉത്തരവ്. കൂലിപ്പണിക്കാരനായ അനിതയുടെ ഭര്‍ത്താവിനെ ഇക്കൊല്ലം ജനുവരി 12നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തത് അനുസരിച്ച് മെഡിക്കല്‍ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ നാലര മണിക്കൂര്‍ വീല്‍ചെയറില്‍ ഇരുത്തിയ ശേഷം വീട്ടിലേക്ക് അയച്ചു. രാത്രി നിലമേലില്‍ എത്തിയപ്പോള്‍ രോഗി അവശനായി. വീണ്ടും കടയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജില്‍ തിരികെ കൊണ്ടുപോ കാന്‍ നിര്‍ദേശിച്ചു.
രാത്രി 10 മണിയോടെ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ രോഗിയെ പ്രവേശിപ്പിച്ചു. അടിയന്തര ചികില്‍സ നല്‍കിയെങ്കിലും ഇടതുവശം പൂര്‍ണമായും തളര്‍ന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ യഥാസമയം ചികില്‍സ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കടയ്ക്കല്‍ ആശുപത്രിയുടെ റഫറന്‍സ് ലെറ്റര്‍ വായിക്കാന്‍ പോലും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് പരാതിക്കാരി അറിയിച്ചു. വാദം കമ്മീഷന്‍ അംഗീകരിച്ചു. ഇക്കാര്യം മെഡിക്കല്‍ കോളജ് നിഷേധിച്ചി—ല്ല. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മൂന്നു മാസത്തിനകം പരാതി പരിശോധിച്ച് റിപോര്‍ട്ട് നല്‍കണം. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മാനുഷിക പരിഗണന നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ചികിത്സക്ക് രണ്ടര ലക്ഷം രൂപ ചെലവായെന്ന ശ്രീചിത്രയുടെ സര്‍ട്ടിഫിക്കറ്റ് പരാതിക്കാരി ഹാജരാക്കി. 10ല്‍ പഠിക്കുന്ന മകളും വാര്‍ധക്യസഹജമായ രോഗങ്ങള്‍ അനുഭവിക്കുന്ന പിതാവും അടങ്ങുന്നതാണ് പരാതിക്കാരിയുടെ നിര്‍ധന കുടുംബം.

RELATED STORIES

Share it
Top