ചികില്‍സാ ധനസഹായത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്‌

രാജാക്കാട്: ഹൈറേഞ്ചില്‍ ചികില്‍സാ സഹായത്തിന്റെ പേരില്‍ വന്‍ പണത്തട്ടിപ്പ്. ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന ചില സംഘടനകള്‍ രോഗികള്‍ക്കു നല്‍കുന്നത് തുച്ഛമായ തുക. പണത്തട്ടിപ്പിന് ഇരയായ യുവാവ് പോലിസില്‍ പരാതി നല്‍കി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ റോബിന്‍ റോയിയാണ് തന്റെ പേരില്‍ ലക്ഷങ്ങള്‍ പരിച്ചെടുത്ത് തുച്ഛമായ തുക നല്‍കി തന്നെ കബളിപ്പിച്ചതായി പോലിസില്‍ പരാതി നല്‍കിയത്.
വൃക്ക രോഗികളുടേയും കാ ന്‍സര്‍ രോഗികളുടേയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ നിര്‍ധന കുടുംബങ്ങളിലുള്ള രോഗികള്‍ക്ക് ചികില്‍സാ സഹായമാവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍,  ഇത് വന്‍തോതില്‍ പണം കണ്ടെത്താനുള്ള മാര്‍ഗമായി മാറ്റിയിരിക്കുന്ന ഒരുവിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. അതിന് ഉദാഹരണമാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി തുടര്‍ചികില്‍സ നടത്തിക്കൊണ്ടിരിക്കുന്ന റോബിന്‍ റോയി എന്ന ചെറുപ്പക്കാരന്‍. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ഈ ചെറുപ്പക്കാരന് ഇരുവൃക്കകളും തകരാറിലായതോടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് നിര്‍ധന കടുംബം സുമനസ്സുകളുടെ സഹായം തേടി.
ഈ അവസരത്തിലാണ് രാജാക്കാട് പഴയവിടുതി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടന സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് റോബിന്റെ ചികില്‍സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി ഗായകസംഘം പര്യടനം ആരംഭിച്ചു. ദിവസേന 15,000 മുതല്‍ 25,000 രൂപവരെ ലഭിച്ചിട്ടുണ്ട്. മൂന്ന് മാസക്കാലം ഇത്തരത്തില്‍ പണപ്പിരിവ് നടത്തുകയും ചെയ്തു. എന്നാല്‍ റോബിന് നല്‍കിയത് 1.49 ലക്ഷം രൂപ മാത്രമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ റോബിനെ കാണാനെത്തിയ ഗായക സംഘത്തിലെ ആളുകള്‍ വഴിയാണ് വന്‍തോതില്‍ പണപ്പിരിവ് നടത്തിയതെന്നും ഒമ്പത് ലക്ഷത്തോളം രൂപാ പിരിച്ചെടുത്തിണ്ടെന്നും അറിയുന്നത്.
തുടര്‍ന്ന് കണക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളുടെ നേതൃത്വത്തില്‍ മറ്റൊരു രോഗിക്കു വേണ്ടി പിരിവു നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് തന്റെ ഗതി മറ്റൊരാള്‍ക്ക് ഉണ്ടാവരുതെന്ന് കരുതി രാജാക്കാട്‌പോലിസില്‍ പരാതി നല്‍കിയത്. ലക്ഷക്കണക്കിന് രൂപാ റോബിന്റെ പേരില്‍ പിരിച്ചെടുത്തിട്ടുണ്ടെന്നും ഇതിന് തങ്ങള്‍ സാക്ഷികളാണെന്നും പണപ്പിരിവിന് ഒപ്പമുണ്ടായിരുന്നവരും പറയുന്നു. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
റോബിന്റെ ഭാര്യയുടെ ചെറിയ വരുമാനം മാത്രമാണുള്ളത്. സുമനസ്സുകളുടെ സഹായംകൊണ്ടാണ് ഇപ്പോഴും മുമ്പോട്ടുപോവുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ധന കുടുംബത്തിന് സൗജന്യമായി വീടുവച്ച് നല്‍കുന്നതിന് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തയ്യാറാണെന്ന് അറിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥലമില്ലാത്തതിനാല്‍ ഇതും പ്രതിസന്ധിയിലാണ്. ലക്ഷങ്ങള്‍ പിരിച്ചെടുത്തവര്‍ കുറച്ചെങ്കിലും സഹായിച്ചാല്‍ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

RELATED STORIES

Share it
Top