ചികില്‍സയ്ക്കിടെ യുവാവിന്റെ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ: ചികില്‍സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരേ സമരമാരംഭിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മീനങ്ങാടി കാര്യമ്പാടി ചേമ്പിലക്കണ്ടി ജാഫറാണ് ആഗസ്തില്‍ മരിച്ചത്.
വിയര്‍പ്പ് കുരുവിന് ചികില്‍സിക്കാനായി ആഗസ്ത് ഒമ്പതിനാണ് ജാഫറിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ജാഫറിന്റെ ആരോഗ്യനില മോശമാവുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജാഫറിനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് ജാഫര്‍ മരിച്ചത്. ഭാര്യയും മക്കളുമുള്ള ജാഫറിന്റെ കുടുംബം അനാഥമായതോടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞതായും പിന്നീട് അവര്‍ കാലുമാറിയെന്നുമാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും ജാഫറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കാര്യമ്പാടി പൗരാവലിയുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
മുട്ടില്‍ പഞ്ചായത്ത് അംഗം അസീന ഷാഹുല്‍ ചെയര്‍മാനും കണിയാമ്പറ്റ പഞ്ചായത്ത് അംഗം ബിനു ജേക്കബ് കണ്‍വീനറുമാണ്. നീതി ലഭിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നു പഞ്ചായത്ത് അംഗം ബിനു ജേക്കബ് പറഞ്ഞു.

RELATED STORIES

Share it
Top