ചാവറ റോഡ് നിര്‍മാണം വേഗത്തിലാവുമെന്ന് പ്രതീക്ഷ : വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മണ്ണിന്റെ വില ഉയര്‍ത്തുംആലപ്പുഴ: മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനു തടസ്സമായിരുന്ന മണ്ണിന്റെ വിലക്കുറവു പരിഹരിക്കുന്നതിനു തീരുമാനമായതായി തോമസ് ചാണ്ടി എംഎല്‍എ അറിയിച്ചു.
അഡീഷനല്‍ ചീഫ് സെക്രട്ടറി, ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്, ബില്‍ഡിങ്‌സ്, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍മാര്‍, ജില്ലയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൊതുമരാമത്തു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണു തീരുമാനം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ക്കാവശ്യമായ മണ്ണിനു മതിയായ വില ലഭ്യമല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
ഇക്കാര്യം മന്ത്രി ജി സുധാകരന്റെ ശ്രദ്ധയില്‍ പെട്ടതനുസരിച്ചു ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറും ചീഫ് എന്‍ജിനീയര്‍മാരും കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു. തീരുമാനം സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഈ മാസം തന്നെ ഇറക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കിയതായും എംഎല്‍എ അറിയിച്ചു.
ചേന്നങ്കരി, കൈനകരി പ്രദേശവാസികളുടെ ചിരകാലസ്വപ്നമായ ചാവറ റോഡ് നിര്‍മാണത്തിനും തടസ്സമായത് മണ്ണിന്റെ വിലയായിരുന്നു. പുതിയ പ്രഖ്യാപനം യാഥാര്‍ഥ്യമാവന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി, റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
കാര്‍ഷിക മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഈ റോഡ് നിര്‍മാണം ഉണ്ടാക്കുന്ന നേട്ടം ഏറെ വലുതാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് റോഡ് ആന്‍ഡ് ഹൈവേ നിയമപ്രകാരം റോഡ് നിര്‍മാണത്തിന് മുഖ്യമായും വേണ്ട മണ്ണിന് കുട്ടനാട്ടിലെ ഭൂപ്രകൃതി അനുസരിച്ചുള്ള വിലയിലെ അപര്യാപ്തത മൂലം ഉണ്ടായ തര്‍ക്കങ്ങളാണ് ടെന്‍ഡര്‍ നടപടിക്ക് കാലതാമസം നേരിട്ടത്.
കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നെടുമുടിചാവറ റോഡ് നിര്‍മാണ പദ്ധതിക്കെതിരേ സമര രംഗത്താണ് റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിക്കപ്പെട്ട 25 കോടി രൂപ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് സമിതി ആരോപിക്കുന്നു.

RELATED STORIES

Share it
Top