ചാവക്കാട് നഗരസഭയില്‍ 2.41 കോടിയുടെ 68 പദ്ധതികള്‍ക്ക് അംഗീകാരം

ചാവക്കാട്: നഗരസഭയില്‍ 2.41 കോടി രൂപയുടെ 68 പദ്ധതികള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
ചാവക്കാട് താലൂക്ക് ആശുപത്രി റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം, പൊതുനിരത്തുകളില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് 7.99 ലക്ഷം ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ കാന നിര്‍മ്മിക്കാന്‍ നാലു ലക്ഷം, വഞ്ചിക്കടവില്‍ നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്കിന് സമീപം കനോലി കനാല്‍ ശുചീകരണത്തിന് അഞ്ചുലക്ഷം, കൃഷിഭവന്‍ ഓഫീസ് നവീകരണത്തിന് മൂന്നു ലക്ഷം, മുനിസിപ്പല്‍ സ്‌ക്വയറിനടുത്ത് നടപ്പാത നിര്‍മ്മാണത്തിന് 2.96 ലക്ഷം, താലൂക്ക് ആശുപത്രി മോര്‍ച്ചറി കെട്ടിടം വൈദ്യുതീകരണത്തിന് 2.10 ലക്ഷം, ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് 2.50 ലക്ഷം, പുന്ന ജിഎംഎല്‍പി സ്‌കൂള്‍ പുനരുദ്ധാരണത്തിന് രണ്ടു ലക്ഷം,  ഭിന്നശേഷിക്കാര്‍ക്ക് കലോല്‍സവം സംഘടിപ്പിക്കുന്നതിന് 75,000 തുടങ്ങിയവയാണ് അംഗീകാരമായ പദ്ധതികള്‍. 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് പദ്ധതികള്‍ നടപ്പാക്കുക.
ബ്ലാങ്ങാട് ബീച്ച് മല്‍സ്യ മാര്‍ക്കറ്റിലെ മുറികള്‍ ലേലം ചെയ്യുന്നതിന് തയ്യാറാക്കിയ ബൈലോ യോഗം അംഗീകരിച്ചു. മാര്‍ക്കറ്റിലെ 12 മുറികളില്‍ ഒമ്പത് മുറികള്‍ വ്യാപാരികള്‍ക്ക് മാത്രമായി നീക്കി വെക്കും. മൂന്നു മുറികള്‍ പൊതു ലേലത്തിലൂടെ അനുവദിക്കുന്നതിനും മാര്‍ക്കറ്റിനകത്തെ യാര്‍ഡ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ലേലം ചെയ്യാനും യോഗം തീരുമാനിച്ചു.
ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള കുടുംബവ്യക്തിഗത ഗുണഭോക്തൃ മുന്‍ഗണന പട്ടികയും ഹരിത കേരള മിഷനു കീഴില്‍ രൂപീകരിച്ച സാങ്കേതിക സമിതി നഗരസഭ പ്രദേശത്ത് നടപ്പിലാക്കുന്ന മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു.
ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം ബി രാജലക്ഷ്മി, സബൂറ ബക്കര്‍, കെ എച്ച് സലാം, എ സി ആനന്ദന്‍, എ എ മഹേന്ദ്രന്‍, അംഗങ്ങളായ എ എച്ച് അക്ബര്‍, തറയില്‍ ജനാര്‍ദനന്‍, കെ കെ കാര്‍ത്യായനി, ടി എ ഹാരിസ്, പി എം നാസര്‍, സെക്രട്ടറി ഡോ. ടി എന്‍ സിനി, ഉദ്യോഗസ്ഥരായ അശോക് കുമാര്‍, പി ജി സുര്‍ജിത്ത്, വി പോള്‍ തോമസ്, പി ബി ബിനു സംബന്ധിച്ചു.

RELATED STORIES

Share it
Top