ചാലിയാറില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 കടന്നു

നിലമ്പൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളുള്ള ചാലിയാര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് സജീവമായി രംഗത്തുണ്ടെങ്കിലും ഡെങ്കിബാധിതരുടെ എണ്ണം 50 കടന്നു. ഇതിനിടെ ഒരാള്‍ക്ക് എലിപ്പനിയും റിപോര്‍ട്ട് ചെയ്യപ്പെട്ടു. മൈലാടി സ്വദേശിയായ യുവാവിനാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാളുടെ രോഗം ഇപ്പോള്‍ ഭേദമായിട്ടുണ്ട്. ജില്ലയില്‍ ഡെങ്കി ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കുറുമ്പലങ്ങോട് വില്ലേജിനോട് ചേര്‍ന്നുള്ള പെരുമ്പത്തൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കി സ്ഥിരികരിച്ചത്.
മഴ മാറി തെളിഞ്ഞ കാലാവസ്ഥയില്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ വകുപ്പും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് ജനുവരി ഒന്നു മുതല്‍ ആരോഗ്യ ജാഗ്രത പരിപാടി നടത്തിവരുന്നുണ്ട്. ചാലിയാര്‍ പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രതിദിനം മുന്നൂറില്‍ കുറയാത്ത പനി ബാധിതര്‍ ചികില്‍സയ്‌ക്കെത്തുന്നുണ്ട്. 37 കോളനികളാണ് പഞ്ചായത്തിലുള്ളത്. എല്ലാമാസവും കോളനികളി ല്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തിവരുന്നുണ്ട്. അതുകൊണ്ടു തന്നെ കോളനികള്‍ കേന്ദ്രീകരിച്ചുള്ള പനി ബാധിതരുടെ എണ്ണം കുറവാണ്. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ളത്. കഴിഞ്ഞ വര്‍ഷവും ഡെങ്കിപ്പനി പഞ്ചായത്തില്‍ വലിയ തോതില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top