ചാലിയാറിലെ ആല്‍ഗാ പ്രതിഭാസം; അരീക്കോട്ട് ജനസംഗമം നടത്തി

അരീക്കോട്: ചാലിയാറിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി അരിക്കോട് ചാലിയാര്‍ തീരത്ത് ജനസംഗമം. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ മനുഷ്യാവകാശ സംരക്ഷണ മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളും പ്രതിനിധികളും നാട്ടുകാരും പ്രകടനശേഷം ചാലിയാര്‍ തീരത്ത് ഒത്തുകൂടി തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു.
അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, വാഴക്കാട് മുതലായ പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ചാലിയാര്‍ നദിയെ ആല്‍ഗാ ബ്ലൂം വിഷാംശം നീക്കി ഉടനടി രക്ഷിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെയും കുടിവെള്ള പ്രശ്‌നങ്ങളെയും നേരിടുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഉടന്‍ തയ്യാറാവണമെന്നും ലോക ബാങ്കിന്റെ സഹകരണത്തോടെ ദേശീയ ജലവിഭവ പദ്ധതിപ്രകാരം അടിയന്തിര നടപടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബഷീര്‍ ഹാജി മങ്കട അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ഐസക്ക് ഉദ്ഘാടനം ചെയ്തു.
മുന്‍ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി സഫറുല്ല, പരിസ്ഥിതി പ്രവര്‍ത്തകന്‍ മീമ്പറ്റ മുഹമ്മദ്, കുഞ്ഞാന്‍, ഒ എം മുഹമ്മദാലി, മുഹമ്മദലി ഇരുമ്പൂഴി, അനൂപ് മൈത്ര, ആലിക്കുട്ടി ചേലക്കാടന്‍, കെ ടി ഗീത, റുബീന വള്ളിക്കുന്ന്, വേലായുധന്‍ തിരൂരങ്ങാടി, ഖാദര്‍ മങ്കട എന്നിവര്‍ സംസാരിച്ചു. യോഗം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

RELATED STORIES

Share it
Top