ചാലിയാറിനെ സംരക്ഷിക്കാന്‍ രണ്ടാംഘട്ട സമരത്തിന് തുടക്കം: അബ്ദുല്‍ മജീദ് ഫൈസി

അരീക്കോട്: ചാലിയാര്‍ പുഴയെ സംരക്ഷിക്കാന്‍ അരീക്കോട് പാലത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തില്‍ ജനകീയമനുഷ്യച്ചങ്ങല തീര്‍ത്തു. തുടര്‍ന്ന് ചാലിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട പ്ലക്കാര്‍ഡുമായി പ്രകടനമായി അരീക്കോട് ചുറ്റി. ചാലിയാറിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള രണ്ടാം ഘട്ട സമരത്ത് ജനങ്ങള്‍ ഇറങ്ങേണ്ടത് അനിവാര്യമായിരിക്കയാണ്. മാവൂര്‍ ഗ്രാംസിം ഫാക്ടറി നടത്തിയ ജലമലിനികരണത്തിനെതിരേ പോരാടി വിജയിച്ച ജനങ്ങള്‍ വീണ്ടും സമരരംഗത്ത് ഇറങ്ങേണ്ട അവസ്ഥയാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി മജീദ് ഫൈസി പറഞ്ഞു.
ചാലിയാറില്‍ മാലിന്യം അധികരിച്ചതിനെ തുടര്‍ന്ന് പുഴയുടെ വിവിധ ഭാഗങ്ങളില്‍ പച്ചനിറം ആയത് ഏറെ ആശങ്ക പരത്തിയിരുന്നു. ജനങ്ങളുടെ ഭീതി മുതലെടുത്ത് പുഴയില്‍ സംഭരിച്ചിട്ടുള്ള വെള്ളം ചോര്‍ത്തി കളയാന്‍  അധികൃതര്‍ നീക്കം നടത്തുന്നതായാണു വിവരം.
ഊര്‍ക്കടവ് കവണക്കല്ലിലെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ മലിനജലം ഒഴുക്കി കളയാന്‍ കഴിയുമെന്നാണു കാരണമായി പറയുന്നത്. പുഴയിലെ വെള്ളം ഒഴുക്കി കളയുന്നതോടെ കിഴുപറമ്പില്‍ നിന്ന് അരീക്കോട് ആലുക്കല്‍ ഭാഗത്തേക്ക് പുഴയില്‍ കൂടി പൈപ്പ് ലൈന്‍ നിര്‍മാണം നടത്താനുള്ള നീക്കമാണു നടക്കുന്നത്. കവണകല്ല് ഷട്ടര്‍ തുറന്നാല്‍ ഏറനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണറുകളിലെ വെള്ളം വറ്റാന്‍ സാധ്യതയുണ്ട്.
മഞ്ചേരി മുനിസിപാലിറ്റി, ചീക്കോട് കുടിവെള്ള പദ്ധതി, മഞ്ചേരി കോഴിക്കോട് മെഡിക്കല്‍ കോളജ്, എയര്‍ പോര്‍ട്ട് ഭാഗങ്ങളിലേക്കുള്ള പമ്പിങ് മുടങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കും അതുകൊണ്ട് കവണകല്ല് ഷട്ടര്‍ ഉയര്‍ത്താനുള്ള നീക്കത്തെ ജനകീയമായി എതിര്‍ക്കപ്പെടുകയും ചാലിയാറിനെ മാലിന്യ മുകതമാക്കി സംരക്ഷിക്കാനുമാണു മനുഷ്യചങ്ങല തീര്‍ക്കുന്നത്. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബു മണി കരുവാരക്കുണ്ട്, പി പി ഷൗക്കത്തലി, ഏറനാട് ജലസംരക്ഷണ സമിതി കണ്‍വീനര്‍ കെ എം സലിം, പരിസ്ഥതി പ്രവര്‍ത്തകരായ ജബ്ബാര്‍ മൈത്ര, മീമ്പറ്റ കുഞാന്‍, സലാം പാനോളി, സുലൈമാന്‍ അരീക്കോട് സംസാരിച്ചു.

RELATED STORIES

Share it
Top