ചാലിയാര്‍ ചലഞ്ചിന് നാളെ തുടക്കം

കോഴിക്കോട്: ചാലിയാറിനെ തൊട്ടറിയാനും സംരക്ഷിക്കാനും ലക്ഷ്യംവച്ചുള്ള ജെല്ലി ഫിഷ് ചാലിയാര്‍ ചലഞ്ച് 2018ന് നാളെ തുടക്കമാവും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിക്കുന്നത്. പലതരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണയാത്ര അഞ്ചാംതവണയാണ് നടത്തുന്നത്. നാളെ ഉച്ചയ്ക്ക് നിലമ്പൂരില്‍ നിന്നു തുടങ്ങുന്ന കയാക്കിങ് യാത്ര 14ന് ചെറുവണ്ണൂരില്‍ സമാപിക്കും.
12ന് ഉച്ചയ്ക്ക് 2ന് നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള കടവില്‍ യാത്ര പി വി അബ്ദുല്‍വഹാബ് എംപി ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചയ്ക്ക് 2ന് ചെറുവണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വി കെ സി മമ്മദ് കോയ എംഎല്‍എ, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ കാപ്റ്റന്‍ അശ്വനി പ്രതാപ് പങ്കെടുക്കും. ഇന്ത്യ, സിങ്കപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 100 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എട്ടു വയസ്സ് മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയടക്കമുള്ള താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് യാത്രയുടെ മറ്റൊരു സവിശേഷത.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് കയാക്കിങ് ഉണ്ടാവുക. രാജ്യത്തെ നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജലസാഹസിക കായികവിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക, നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക് കോടിത്തോടി പറഞ്ഞു. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ സഹകരണത്തോടെ പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും.
ശേഖരിച്ച മാലിന്യം പിന്നീട് റീസൈക്ലിങ്ങിന് അയക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. ഇതിനു പുറമെ വിവിധ തരം ജലകായിക വിനോദങ്ങള്‍ പരിചയപ്പെടുത്തും.

RELATED STORIES

Share it
Top