ചാലിയാര്‍ കൈയേറ്റം: പരാതി നല്‍കി

അരീക്കോട്: കിഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചാലിയാര്‍ പുഴയുടെ 100 ഏക്കറിലധികം പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കാനുള്ള തീരുമാനത്തിനെതിരെ അരീകോട് മേഖലാ ജലസുരക്ഷാസമിതി മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.ചാലിയാറിന്റെ വീതി കൂടുതലുള്ള പ്രദേശമായ മുറിഞ്ഞമാടിലാണ് സ്വകാര്യ കമ്പനിക്ക് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് അനുവാദം നല്‍കിയത്.
പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തര ശ്രമഫലമായി  ഈ പ്രദേശത്ത് സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ടൂറിസം വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ബജറ്റില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം വകയിരുത്തുകയും ചെയ്തതിന് പിന്നാലെ പ്രദേശത്ത് സമാനമായ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കിയതിന് പിന്നില്‍ അഴിമതിയും ബിനാമി ഇടപെടലുകളും നടന്നിട്ടുണ്ടെന്നും അതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാനികള്‍ക്ക് പങ്കുണ്ടെന്നും അരീക്കോട് ജലസുരക്ഷാസമിതി ആരോപിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൂറിസം പദ്ധതിയെ മറികടന്ന് സ്വകാര്യ കമ്പനിയുടെ ടുറിസം പദ്ധതി പ്രദേശത്ത് നടപ്പാക്കുന്നതിലൂടെ കോടികള്‍ വിലയുള്ള പൊതു ഭൂമിയിലെ അവകാശം സര്‍ക്കാറിന് നഷ്ടമാവുന്നതോടൊപ്പം 150 ഏക്കറോളം ചാലിയാര്‍ തീരം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കപ്പെടും.
ഇതിനു പുറമെ ചാലിയാറിലെ ജലമലിനീകരണത്തിനും കാരണമാവും. ചാലിയാര്‍ തീരം ബിനാമി കമ്പനിക്ക് പതിച്ച് നല്‍കാനുള്ള ഗ്രാമ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സന്നദ്ധ സംഘടനകളുടേയും സമീപവാസികളുടേയും സഹകരണത്തോടെ നിയമ നടപടികളുമായി മുമ്പോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ടെന്ന് സമിതി കണ്‍വീനര്‍ കെ എം സലിം പത്തനാപുരം ചെയര്‍മാന്‍ കൃഷ്ണന്‍ ഊര്‍ങ്ങാട്ടിരി  അറിയിച്ചു.

RELATED STORIES

Share it
Top