ചാലപ്പുറം ഗണപത് ഹയര്‍ സെക്കന്‍ഡറിക്കെതിരേ വ്യാജ പ്രചാരണങ്ങളെന്നു പിടിഎ

കോഴിക്കോട്: ചാലപ്പുറം ഗവ ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരേ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് മാനേജിങ്് കമ്മിറ്റിയുടെയും പിടിഎയുടെയും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി ദയാനന്ദന്‍ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ല. പിടിഎ ഫണ്ടില്‍ നിന്നു പ്രതിഫലം വാങ്ങി വാച്ച്മാന്‍ ആയി ജോലി ചെയ്തിരുന്ന ഇയാളെ 2017 മെയ് മുതല്‍ പിരിച്ചു വിട്ടിരുന്നു. ഈ വിദ്വേഷമാണ്് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കമ്മിറ്റി പറയുന്നു.
സ്ഥലം എംഎല്‍എ എംകെ മുനീറിനെ അവഗണിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. മികവുല്‍സവത്തിന്റെ ജില്ലാ തല ഉദ്ഘാടനത്തില്‍ അസൗകര്യം കാരണമാണ് പങ്കെടുക്കാതിരുന്നത്. പ്രദീപ് കുമാര്‍ എംഎല്‍എയെ പങ്കെടുപ്പിച്ചതും മുനീറിന് അസൗകര്യമുണ്ടായതുകൊണ്ടാണ്. മുനീര്‍ അനുവദിച്ച ഒരു കോടി ഫണ്ടുപയോഗിച്ചുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ പണി തുടങ്ങാന്‍ നടപടികളാരംഭിച്ചു കഴിഞ്ഞു.
സ്‌കൂള്‍ പ്രവേശനത്തിന് തലവരി പണം വാങ്ങുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച ഫീസ് മാത്രമെ വാങ്ങുന്നുള്ളു. പിടിഎ കമ്മിറ്റി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുഎന്ന ആരോപണം ശരിയല്ല. എല്ലാ രാഷ്ട്രീയക്കാരും കമ്മിറ്റിയിലുണ്ട്. ജനാധിപത്യപരമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനാധ്യാപികയും പ്രിന്‍സിപ്പലും രാഷ്ട്രീയ വിധേയത്വം കാണിക്കുന്നു എന്നതും സത്യവിരുദ്ധമാണ്. പിടിഎ പ്രസിഡന്റ് ഷാജി പുത്തലത്ത്, എ എം സിറാജുദ്ദീന്‍, ഷര്‍മദ് ഖാന്‍, ശ്രീജ ഉണ്ണി, പി ജബ്ബാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top