ചാലക്കുടി പുഴയിലെ വെള്ളം വന്‍തോതില്‍ കടലിലേക്ക് ഒഴുകിപ്പോവുന്നു

മാള: കണക്കന്‍കടവിലെ പാലത്തിനടിയിലെ ലോഹ നിര്‍മ്മിത തടയണകളില്‍ ഒരെണ്ണം പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ ചാലക്കുടി പുഴയിലെ വെള്ളം വന്‍തോതില്‍ കടലിലേക്ക് ഒഴുകി പോവുന്നു. വേനലില്‍ വൈന്തല കുടിവെള്ള പദ്ധതിയടക്കം നിരവധി കുടിവെള്ള, ജലസേചന പദ്ധതികള്‍ ഇത് കാരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
നിര്‍മാണ കാലം മുതലേ കണക്കന്‍കടവിലെ ഷട്ടറില്‍ ചെറിയ തോതില്‍ ചോര്‍ച്ചയുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ ജലസേചന വകുപ്പിന് കീഴിലാണ് കണക്കന്‍കടവിലെ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത്. എന്നാല്‍ തടയണയുടെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത് തൃശൂര്‍ ജില്ലക്കാണ്.
എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്തിലും കുടിവെള്ള വിതരണം ഈ തടയണയെ ആശ്രയിച്ചാണുള്ളത്. ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന പ്രദേശമാണ് കണക്കന്‍കടവ്. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താന്‍ കൂടിയാണ് ഇവിടെ തടയണ നിര്‍മിച്ചത്. ആദ്യം മണല്‍ ചാക്കുകള്‍ നിരത്തിയാണ് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നത്. പിന്നീട് റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നതോടെയാണ് ചാക്കുകള്‍ക്ക് പകരം ഷട്ടറുകളായത്. തടയണയുടെ പത്ത് ഷട്ടറുകളിലും ചോര്‍ച്ചയുണ്ട്. ഇത് കാരണം പുഴയിലേക്ക് ഉപ്പുവെള്ളം കയറാനുള്ള സാദ്ധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപ്പുവെള്ളം പുഴയിലേക്ക് കയറി നൂറുകണക്കിന് ഏക്കര്‍ കൃഷി നശിച്ചിരുന്നു. ജലസേചന കുടിവെള്ള പദ്ധതികള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി. ചാലക്കുടി പുഴയിലെ കുഴൂര്‍ പഞ്ചായത്തിന് മുകളിലുള്ള അന്നമനട പഞ്ചായത്തിലും ഉപ്പുവെള്ള ഭീഷണി ശക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മണല്‍ ചാക്കുകള്‍ നിരത്തി താല്‍ക്കാലിക തടയണ നിര്‍മ്മിച്ചാണ് ഉപ്പ് കയറുന്നത് തടഞ്ഞത്. ജലസേചന വകുപ്പ് അധികൃതര്‍ ഒന്നര പതിറ്റാണ്ട് പഠനം നടത്തിയിട്ടും പ്രശ്‌ന പരിഹാരത്തിനായി ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ല. തടയണ നിര്‍മ്മാണത്തിലെ അഴിമതിയും അപാകതയുമാണ് ചോര്‍ച്ചക്ക് ഇടയാക്കിയതെന്ന അരോപണം ഉയര്‍ന്നിരുന്നു. പുഴയിലേക്ക് കയറുന്ന ഉപ്പ് വെള്ളം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഒഴിയുകയുള്ളൂ.
പ്രളയാനന്തരം പുഴ മെലിഞ്ഞ അവസ്ഥയിലായതും വെള്ളം വന്‍തോതില്‍ കടലിലേക്ക് ഒഴുകി പോകുന്നതും രൂക്ഷമായ ജലക്ഷാമത്തിന്റെ ഭീതിതമായ സാഹചര്യത്തിലേക്കാണ് സൂചന നല്‍കുന്നത്. ചെറുതും വലുതുമായ 500 ഓളം കുടിവെള്ളജലസേചന പദ്ധതികള്‍ക്ക് ഭീഷണിയാകുന്ന അവസ്ഥയാണ് പുഴയിലേക്ക് ലവണാംശം കയറിയാലുണ്ടാകുന്നത്. കിണറുകളില്‍ വരെ എത്തുന്ന ഉപ്പുവെള്ളം ജനജീവിതം ദുസ്സഹമാകും. കാര്‍ഷിക മേഖലയുടെ സര്‍വ്വനാശത്തിനും കാരണമാകും.

RELATED STORIES

Share it
Top