ചാലക്കുടി നഗരസഭാ ഭരണം സ്തംഭനത്തില്‍

ചാലക്കുടി: നഗരസഭ ഭരണം സ്തംഭനത്തില്‍. ഭരണപക്ഷത്തെ പടലപിണക്കം മറനീക്കി പുറത്ത് വന്നതോടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ഒപ്പം കൂട്ടിയ രണ്ട് സ്വതന്ത്യര്‍ കഴിഞ്ഞ ദിവസം പിന്തുണ പിന്‍വലിക്കാന്‍ മുതിര്‍ന്നു. ഇതറിക്കാനായി വാര്‍ത്താസമ്മേളനവും വിളിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇടപ്പെട്ട് വാര്‍ത്താസമ്മേളനം മാറ്റിവപ്പിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നതെന്നും ഇദ്ദേഹത്തെ ഈ സ്ഥാനത്ത് വച്ച് ഇനി ഭരണം തുടരാനാകില്ലെന്നും സ്വതന്ത്രര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുന്‍ ധാരണ പ്രകാരം ആരോഗ്യ-വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ രാജിവപ്പിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഈയടുത്ത ദിവസങ്ങളില്‍ ഉദ്ഘാടനം നടത്താനിരിക്കെ ഇവരെ രാജിവപ്പിച്ചത് ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്താനാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചാല്‍ ഭരണം താഴെ വീഴുമെന്നതിനാല്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പടലപിണക്കം രൂക്ഷമായതോടെ നഗരസഭ ഭരണം അവതാളത്തിലായിരിക്കുകയാണ്.ഭരണപക്ഷത്തിലെ പടലപിണക്കം മൂലം നഗരസഭ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍ കുറ്റപ്പെടുത്തി. മാലിന്യം നഗരത്തില്‍ കുമിഞ്ഞ് കൂടിയിട്ടും ഭരണപക്ഷം ശ്രദ്ധിക്കുന്നില്ല. അമ്പുതിരുന്നാളിനോട് അനുബന്ധിച്ച് മുന്‍ കാലങ്ങളില്‍ നഗരസഭ ഒരുക്കാറുള്ള ശൗചാലയം ഇത്തവണ ഇല്ലാതിരുന്നത് ചാലക്കുടിയിലെത്തിയ നൂറ്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആരോഗ്യവിഭാഗം നാഥനില്ലാകളരിയായി മാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിവച്ചു. ഹെല്‍ത്ത് സൂപ്രണ്ട് നീണ്ട അവധിയിലാണ്. ഹെല്‍ത്ത് വിഭാഗത്തിലെ ഏഴ് ജീവനക്കാര്‍ അമ്പുതിരുന്നാള്‍ ദിനങ്ങളില്‍ അവധിയെടുത്തു. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

RELATED STORIES

Share it
Top